നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ‘ചലോ ദില്ലി’ മാര്‍ച്ച്; നീലയില്‍ മുങ്ങി ഡല്‍ഹി നഗരം;ഐക്യദാര്‍ഢ്യവുമായി രാഹുലും കെജരിവാളും

ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായി ആത്മഹത്യ ചെയ്ത രോഹിത് വെമൂലയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ വന്‍ വിദ്യാര്‍ഥി മാര്‍ച്ചിന് തുടക്കം. ചലോ ഡല്‍ഹി എന്ന പേരില്‍ നടക്കുന്ന മാര്‍ച്ചിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ വിദ്യാത്ഥിസമൂഹത്തെകൊണ്ട് ഡെല്‍ഹി നഗരം നീലയില്‍ മുങ്ങി. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നാണ് മാര്‍ച്ച് നടക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഞങ്ങള്‍ക്ക് സ്വാതന്ത്യം വേണം അത് ഞങ്ങള്‍ ബലമായി എടുക്കും എന്നതാണ് മാര്‍ച്ചിന്റെ മുദ്രാവാക്യം.

rohith-vemula-protest-759-jantar-mantar

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ചലോ ഡെല്‍ഹി എന്ന ക്യാംപെയിന്റെ ഭാഗമായി തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജന്തര്‍ മന്ദിറിലേക്കും ഇന്ത്യഗേറ്റിലേക്കും ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് മാര്‍ച്ച് എത്തിച്ചേരുന്നത്.

ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ച്, മുംബൈ സര്‍വകലാശാല, നിര്‍മല നികേതന്‍, സിദ്ധാര്‍ഥ് കോളേജ്, അംബേദ്കര്‍ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും മാര്‍ച്ചിന്റെ ഭാഗമാകുന്നുണ്ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമരമുഖത്തെത്തി. രോഹിത് വെമുലയുടെ കുടുംബവും വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ പിന്തുണയുമായി അണിചേര്‍ന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ബുദ്ധിജീവികളമാണ് ‘ചലോ ദില്ലി’ മാര്‍ച്ചില്‍ അണിചേര്‍ന്നത്. ത്രിവര്‍ണ പതാകയും നീലയും ചുവപ്പും നിറത്തിലുള്ള മറ്റ് പതാകളും ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായായിരുന്നു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്.

കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയാണെന്ന് കെജരിവാള്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യാനുള്ള അവകാശം രാജ്യത്തോ ഓരോ പൗരനുമുണ്ട്. വിദ്യാര്‍ത്ഥികളും അതുതന്നെയാണ് ചെയ്യുന്നത്. ഇത്തരം എതിര്‍പ്പുകളോട് അസഹിഷ്ണുതയോടെ പെരുമാറുകയല്ല വേണ്ടത്. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. രാജ്യത്തെ യുവത്വത്തെകുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രിയില്‍നിന്നാണ് വിദ്യാര്‍ഥികളുടെ ജനാധിപത്യാവകശങ്ങളെ ഹനിക്കുന്ന നടപടിയുണ്ടാകുന്നതെന്ന് കെജരിവാള്‍ പറഞ്ഞു.

ഒരാളുടെ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കുന്ന ഒരു ഇന്ത്യയെ നമുക്ക് ആവശ്യമില്ലെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭയരഹിതമായി സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു രാജ്യമാണ് നമുക്കാവശ്യം. വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന നിയമങ്ങളും നമുക്ക് ആവശ്യമില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചാണ് നമുക്ക് സംസാരിക്കേണ്ടത്. എന്നാല്‍, ആര്‍എസ്എസ് അതിന് പോലും തയ്യാറാവുന്നില്ല. അവര്‍ ഭൂതകാലത്തെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും രാഹുല്‍ പരിഹസിച്ചു.

വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ അടിച്ചമര്‍ത്തല്‍ നടപടിക്കൊരു കേന്ദ്രസര്‍ക്കാര്‍ ജെഎന്‍യു പരിസരത്ത് അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. കനയ്യ കുമാറിന്റെയും ഉമര്‍ഖാലിദിന്റെയും ജാമ്യാപേക്ഷകളില്‍ നാളെയും കോടതി വാദം തുടരും.
-എജെ-

Share this news

Leave a Reply

%d bloggers like this: