ഇന്ത്യയിലെ അസഹിഷ്ണുതയ്‌ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍

ലണ്ടന്‍: ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നതിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നതിലും ധ്രുവീകരണ പ്രസംഗങ്ങളിലൂടെ നേതാക്കള്‍ സ്പര്‍ധ വളര്‍ത്തുന്നതും പരിഗണിച്ചാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

ലോകത്താകമാനം വിവിധ രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരും ശാസ്ത്രഞ്ജരും കലാകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതും എടുത്തുപറയുന്നു. വിദേശ ഫണ്ടുകള്‍ക്കു നിയന്ത്രണം വര്‍ധിക്കുന്നു, മതസ്പര്‍ദയും പ്രശ്‌നങ്ങളും വളര്‍ന്നുവരുന്നു, ലിംഗ-ജാതി വിവേചനം നിലനില്‍ക്കുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയും അഭിപ്രായം തുറന്നു പറയുന്നവരെ കടുത്ത ഹിന്ദു സംഘടനകള്‍ ആക്രമിക്കുകയും ചെയ്യുന്നു-ഇന്ത്യയിലെ സാഹചര്യങ്ങളിതാണെന്ന് ആംനസ്റ്റി ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ വ്യക്തമാക്കി. 2015ല്‍ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 ഇന്ത്യന്‍ മനുഷ്യാവകാശത്തിന് മികച്ചതാവട്ടെ എന്നാശംസിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: