പാകിസ്താനിലെ ലാഹോറില്‍ വന്‍ ബോംബ് സ്‌ഫോടനം..ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടെന്ന് താലിബാന്‍ ഗ്രൂപ്പ്

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ വന്‍ ബോംബ് സ്‌ഫോടനം. 65 പേരാണ് ഞായറാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് എന്നാണ് അറിയുന്നത്. മരണസംഖ്യ കൂടാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാഹോറിലെ ഇഖ്ബാല്‍ ടൗണിനടുത്ത് ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.ഈസ്റ്റര്‍ ആഘോഷിക്കാനായി പാര്‍ക്കിലെത്തിയ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൂടുതലും കൃസ്ത്യാനികളാണ് എന്നറിയുന്നു. ഇഖ്ബാല്‍ പാര്‍ക്കിന്റെ മെയിന്‍ ഗേറ്റിന് അടുത്തായി ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഞായറാഴ്ചയും ഈസ്റ്ററുമായതിനാല്‍ പാര്‍ക്കില്‍ പതിവിലും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു.

പരിക്കേറ്റവരെ ഉടന്‍ തന്നെ കിട്ടിയ വാഹനങ്ങളിലായി സമീപത്തെ ആശുപത്രികളില്‍ എത്തിച്ചു. പലരും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമാണ്. ആശുപത്രികളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയുടെ ആസ്ഥാനമാണ് ലാഹോര്‍. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മസ്ഥലം കൂടിയാണിത്.

ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ജമായത്ത് അല്‍ ഉഹ്‌റാന്‍ എന്ന സംഘടന ഏറ്റെടുത്തു. താലിബാന്‍ തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ട സംഘടനയാണിത്. ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറില്‍ നടന്ന ഭീകരാക്രമണമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

Share this news

Leave a Reply

%d bloggers like this: