കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടെന്ന പ്രസ്താവന പരാജയ ഭീതിമൂലമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയഭീതി മൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോല്‍വി മുന്നില്‍ കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ഒരിക്കലും ബിജെപിയുമായി കോണ്‍ഗ്രസ് കൂട്ടുചേരില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതോടെ പ്രചരണങ്ങളില്‍ ബിജെപി ബാന്ധവം സജീവ ചര്‍ച്ചയാവുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളില്‍ ബിജെപി- കോണ്‍ഗ്രസ് ധാരണയിലെത്തിയെന്നാണ് കോടിയേരി പറഞ്ഞത്. ഉദുമയില്‍ മത്സരിക്കുന്ന കെ സുധാകരനും മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ സുരേന്ദ്രനും തമ്മില്‍ ധാരണയാണ്. ഉദുമയിലെ ബിജെപി വോട്ട് സുധാകരനും മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വോട്ട് സുരേന്ദ്രനും നല്‍കാനാണ് ധാരണ. തിരുവനന്തപുരത്ത് ശിവകുമാറിനെ ജയിപ്പിക്കാന്‍ ശ്രീശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി. നേമത്ത് രാജഗോപാലിനെ വിജയിപ്പിക്കാന്‍ സുരേന്ദ്രന്‍പിള്ളയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നുന്നതെന്നും കോടിയേരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ 2006 ആവര്‍ത്തിക്കും. 100ല്‍ അധികം സീറ്റുകള്‍ നേടി ഇടതുമുന്നണി ചരിത്രജയം നേടും. മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. അഴിമതി വിമുക്തമായ വികസിത കേരളമാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: