എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. അഞ്ചു വര്‍ഷം കൊണ്ട് വിലക്കയറ്റമില്ലാത്ത പൊതുവിപണി ഉറപ്പാക്കിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടനപത്രിക. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

പടിപടിയായുള്ള ബോധവല്‍കരണത്തിലൂടെ മദ്യ ഉപഭോഗം കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത്. മദ്യത്തിനെതിരെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ബോധവല്‍ക്കരണം ഉണ്ടാക്കുമെന്നും ഇതിലൂടെ മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

ബാറുകള്‍ പൂട്ടിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്ന പേരില്‍ ബാറുകള്‍ ഇപ്പോഴുമുണ്ട്. പൂട്ടിയെങ്കിലേ വീണ്ടും തുറക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയുള്ളൂ. മദ്യത്തിനെതിരായ നിലപാട് മറ്റ് ലഹരിവസ്തുക്കളോടും വേണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

പ്രധാന വാഗ്ദാനങ്ങള്‍:

അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കും. അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കും. കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും എന്നീ വാഗ്ദാനങ്ങളോടൊപ്പം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കും. ആരോഗ്യ സംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ െ്രെപമറി ഹെല്‍ത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വന്‍കിട ബാങ്ക് പദ്ധതി രൂപീകരിക്കും. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, ഘട്ടമായി സ്മാര്‍ട്ട് റോഡുകള്,. ഭൂരഹിതര്‍ക്ക് വീട് സ്വന്തമായി വീട് എന്നിവ നല്‍കും. നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി, റബര്‍ ലാറ്റക്‌സും റബര്‍ ഷീറ്റും കാര്‍ഷിക ഉല്‍പന്നമായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദം ചെലുത്തും.

60 വയസ് തികഞ്ഞ അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍, പെന്‍ഷന്‍ തുകകള്‍ 1000 രൂപയായി ഉയര്‍ത്തുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുന്നു. മദ്യവര്‍ജന പ്രസ്ഥാനം രൂപീകരിക്കും. സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ജനകീയ ബോധവത്കരണ പ്രസ്ഥാനം രൂപീകരിക്കും. മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 23 ആക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: