പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് അമ്മ; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷമോളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ ക്രൂരമായ മാനഭംഗം നടന്ന് ആറാം ദിവസം പൊലീസ് അന്വേഷണം ശക്തമാക്കി. ഉത്തരമേഖലാ ഐജിയെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡിജിപി നിയോഗിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ജിഷയുടെ വീട് സന്ദര്‍ശിക്കും. പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനും സ്വമേധയാ കേസ് എടുക്കുമെന്ന് വ്യക്തമാക്കി. ജിഷയ്ക്കും കുടുംബത്തിനും നേരെ നേരത്തെ ഭീഷണിയുണ്ടായിരുന്നുവെന്ന് കാണിച്ച് ജിഷയുടെ അമ്മ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി പൊലീസ് അവഗണിക്കുകയായിരുന്നു.

ഇതില്‍ അന്വേഷണം നടത്തുകപോലുമുണ്ടായില്ലെന്ന് ജിഷയുടെ അമ്മ പരാതിപ്പെട്ടു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ വിവിധ സംഘടനകളും വിദ്യാര്‍ത്ഥികളും പ്രതിഷേധ മാര്‍ച്ചും മറ്റ് പരിപാടികളും ആഹ്വാനം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും അതി ശക്തമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍, സഹോദരി ഭര്‍ത്താവ്, നാട്ടുകാര്‍ ജിഷമോളുടെ വീടിന് അടുത്ത് കണ്ടു എന്ന് പറയുന്ന രണ്ടുപേര്‍ എന്നിവര്‍ക്ക് പുറമെ ഇപ്പോള്‍ അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്കും നീളുന്നതായാണ് വിവരങ്ങള്‍.

ആക്രമണത്തിനും, കൊലപാതകത്തിനും പിന്നില്‍ ഉണ്ടായേക്കാവുന്ന എല്ലാ സാധ്യതകളെയും അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നേരത്തെ ജിഷയും മാതാവ് രാജേശ്വരിയും ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജിഷയുടെ സഹോദരി ആരോപിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് കൂടീ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

ഇയാള്‍ക്കെതിരെ നേരത്തെ പെണ്‍കുട്ടിയുടെ അമ്മ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ പറഞ്ഞു. അന്ന് നല്‍കിയ പരാതിയില്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമാക്കി.

അതേസമയം രണ്ട് പേര്‍ ജിഷയുടെ അമ്മയെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടിയുടെ അമ്മായി ലൈല പറഞ്ഞു. ജിഷയുടെ ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠ മാത്രമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നതെന്നും ഇത് മാനസിക രോഗമായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്നും ലൈല പറഞ്ഞു.

ജിഷയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജിഷയ്ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയിലും, കേരളത്തിലെ വിവിധ ജില്ലകളിലും വലിയ പ്രതിഷേധ പരിപാടികളാണ് അരങ്ങേറുന്നത്.

എറണാകുളത്തും, തിരുവനന്തപുരത്തും ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമങ്ങളും, പ്രതിഷേധ പ്രകടനവും അരങ്ങേറും. എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംക്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നിന്നും കമ്മീഷണര്‍ ഓഫിസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്.

Share this news

Leave a Reply

%d bloggers like this: