ഉമ്മന്‍ചാണ്ടിയെ പെരുമ്പാവൂരില്‍ തടഞ്ഞു; മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ കയ്യേറ്റം ചെയ്തു; പ്രതിഷേധം പടരുന്നു

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം. താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാനെത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് വന്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിക്ക് സമീപത്തും, റോഡിന്റെ വശങ്ങളിലും എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു.

ഇവരെ പൊലീസിന്റെ സഹായത്തോടെ തടഞ്ഞാണ് മുഖ്യമന്ത്രിക്ക് ആശുപത്രിക്ക് ഉള്ളില്‍ കയറാനുളള സാഹചര്യം ഉണ്ടാക്കിയത്. ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി ജിഷയുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജോലി നല്‍കുമെന്നും, അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും പറഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്തുളള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് എതിരെയാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. ജിഷയുടെ കൊലപാതകം നടന്നിട്ട് ആറുദിവസം പിന്നിട്ടുവെന്നും ഇതുവരെ പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ലെന്നും, അന്വേഷണം തൃപ്തികരമാണോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിസഹായനായ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍, അനാവശ്യ ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നതെന്നും ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് അല്‍പനേരം സംഘര്‍ഷത്തിന് ഇടയാക്കി.

എന്നാല്‍ ഈ ചോദ്യങ്ങള്‍ അതിരുകടന്നെന്നും, മുഖ്യമന്ത്രിയോട് അത്തരം ചോദ്യങ്ങള്‍ പാടില്ലെന്നുമാണ് കൈയേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

നാടിനെ നടുക്കിയ ജിഷയുടെ കൊലപാതകം നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയെന്ന് പോലീസിന് ബാഹ്യസമ്മര്‍ദ്ദം ഉളളതിനാലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നും ആരോപിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം രംഗത്തെത്തി.

ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പെരുമ്പാവൂരിലെ അഭിഭാഷകര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേസിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസ് വേണ്ടവിധം അന്വേഷണം നടത്താതിരുന്നതാണ് പ്രതിയെ കണ്ടെത്താന്‍ വൈകുന്നതെന്ന് അഭിഭാഷകര്‍ ആരോപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ സംഭവത്തില്‍ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: