ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; മരണസമയം സംബന്ധിച്ച് വ്യക്തത

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി പത്മകുമാര്‍. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷ. സംശയമുള്ള നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പിടിയിലായവരുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

അതേസമയം, ജിഷയുടെ മരണസമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചു. ജിഷ കൊല്ലപ്പെട്ടത് ആറുമണിയോട് അടുപ്പിച്ചാണെന്ന് പൊലീസ് വ്യക്തമാക്കി. കൊല നടന്നത് 5.45ന് ശേഷമാണ്. ജിഷ അ!ഞ്ചുമണിക്ക് വെള്ളവുമായി പോയത് കണ്ടതായി പരിസരവാസികള്‍ മൊഴി നല്‍കി. അരമണിക്കൂറിനുശേഷമാണ് ജിഷയുടെ നിലവിളി കേട്ടത്. ഘാതകനെന്ന് സംശയിക്കുന്ന ആള്‍ കനാല്‍ വഴി പോയത് 6.05നാണ്. പരിസരവാസികളായി മൂന്നു സ്ത്രീകളാണ് മൊഴി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത് അഞ്ചുപേര്‍ മാത്രമാണ്. ഇതര സംസ്ഥാനത്തൊഴിലാളിയും ഇവരില്‍ ഉള്‍പ്പെടുന്നു. 12 പേരായിരുന്നു നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്നത്. പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്നറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറകള്‍ പൊലീസ് പരിശോധിക്കും. കൊലപാതകം നടന്ന ദിവസം ഇവിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

അതേസമയം, സദാസമയവും ജിഷ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന പെന്‍ക്യാമറയില്‍നിന്ന് അന്വേഷണത്തിന് സഹായകമായ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. ക്യാമറ വാങ്ങിയ കടയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്.

പെരുമ്പാവൂര്‍ കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. ജിഷയുടെ കൊലപാതകത്തിന് എല്ലാവരും ഉത്തരവാദികളാണ്. സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ പറഞ്ഞു. ജിഷയുടെ മരണത്തില്‍ ദുരൂഹതയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പറഞ്ഞു. പൊലീസിന് വീഴ്ച പറ്റി. മൃതദേഹം ദഹിപ്പിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: