അധികൃതരുടെ അവഗണന; അയർലണ്ടിന്റെ ലോക ബോക്സിങ് ചാമ്പ്യൻ ഇനി മത്സരിക്കുക ബ്രിട്ടന് വേണ്ടി

അയര്‍ലണ്ടിന്റെ മുന്‍ ലോക ബോക്‌സിങ് ചാംപ്യനായ Amy Broadhurst ഇനിമുതല്‍ മത്സരിക്കുക ബ്രിട്ടന് വേണ്ടി. സെലക്ഷന്റെ കാര്യത്തില്‍ ഐറിഷ് അധികൃതരില്‍ നിന്നും അവഗണന നേരിട്ടതോടെയാണ് അയര്‍ലണ്ടിന് പകരം ബ്രിട്ടനെ പ്രതിനിധീകരിക്കാന്‍ ഐറിഷ്, ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ള ആമി തീരുമാനമെടുത്തത്.

2022-ല്‍ ഇസ്താംബുളില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് ഇനത്തില്‍ ആമി അയര്‍ലണ്ടിനായി സ്വര്‍ണ്ണം നേടിയിരുന്നു. അതേ വര്‍ഷം തന്നെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജയിയായി. 2022-ല്‍ വടക്കന്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിലും വിജയം വരിച്ചിരുന്നു.

വരുന്ന ഒളിംപിക്‌സിലേയ്ക്കുള്ള ഫൈനല്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കില്ലെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ Irish Athletic Boxing Association (IABA) അറിയിച്ചതാണ് മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയതെന്ന് ആമി പ്രസ്താവനയില്‍ വ്യക്തമാക്കി. ഒളിംപിക്‌സില്‍ പങ്കെടുക്കുക എന്നത് തന്നെ എപ്പോഴത്തെയും സ്വപ്‌നമായിരുന്നുവെന്നും, അതിലേയ്ക്ക് എത്താനായി മറ്റൊരു വഴി തെരഞ്ഞെടുക്കുകയാണെന്നും 27-കാരിയായ ആമി കൂട്ടിച്ചേര്‍ത്തു. കൗണ്ടി ലൂവിലെ ഡണ്‍ഡാല്‍ക്ക് സ്വദേശിയായ ആമിയുടെ പിതാവ് ബ്രിട്ടിഷ് പൗരനാണ്.

അതേസമയം അയര്‍ലണ്ടിനായി ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ആമിക്ക് പകരമായി മത്സരിക്കുക Grainne Walsh ആണ്.

Share this news

Leave a Reply

%d bloggers like this: