കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറിയില്‍ അഴിമതി; മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിത പരിശോധന

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിലും ഭൂമി കൈമാറ്റം ചെയ്തതിലും അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി കെ. ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് നിര്‍ദേശം. തലശേരി വിജിലന്‍സ് കോടതിയാണ് ഇരുവര്‍ക്കുമെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. മരം മുറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് 30 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കിയാല്‍ എംഡി വി.ചന്ദ്രമൗലി എന്നിവര്‍ക്കതെിരെയും അന്വേഷണം നടക്കും. വി.ജെ.കുര്യന്‍, ടോം ജോസ് എന്നിവരും അന്വേഷണ പരിധിയില്‍ വരുമെന്നും കോടതി അറിയിച്ചു. വിമാനത്താവള ഭൂമി നിസാര വിലക്ക് കിയാലിനു കൈമാറിയെന്നതാണ് പ്രധാന കേസ്. പ്രദേശവാസിയായ ജെയിംസ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. വിമാനത്താവളത്തിനായി മരം മുറിക്കുന്നതിലും, സ്ഥലം ഏറ്റെടുക്കുന്നതിലും വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ജെയിംസിന്റെ പരാതി.

നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉത്തര മേഖല എഡിജിപി ശങ്കര്‍ റെഡ്ഡി, മരംമുറിച്ചു വിറ്റതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേ സമയം, കേസിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: