പിണറായിയുടെ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ദൃശ്യത്തെളിവ്

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് കണ്‌ടെത്തിയിരിക്കുന്നത്. 21 പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമറയില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു യുഡിഎഫ് പരാതി നല്‍കി. ജില്ലാ വരണാധികാരി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. കള്ളവോട്ട് നടക്കാന്‍ സാധ്യതയുള്ള ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നതാണ് കള്ളവോട്ട് പിടികൂടാന്‍ സാധിച്ചത്. 122, 124, 125, 132, 133 എന്നീ ബൂത്തുകളില്‍ ആളുമാറി വോട്ടു ചെയ്തതിന്റെ തെളിവുകളാണ് യുഡിഎഫ് നല്‍കിയിരിക്കുന്നത്.

ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ വനിതാ പഞ്ചായത്തംഗമടക്കം നിരവധി പേരാണ് കള്ളവോട്ട് ചെയ്തത്. മണ്ഡലത്തില്‍ 17,000 കള്ളവോട്ട് നടന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. പിണറായിയുടെ വിജയത്തിന്റെ മാറ്റുകുറയ്ക്കാനാണ് ആരോപണമെന്ന് സിപിഎം നേതാവ് കെ.കെ രാഗേഷ് പറഞ്ഞു.

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍ക്ക് പണം നല്‍കിയ ദൃശ്യങ്ങള്‍ പിണറായി വിജയന്‍ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദിനെതിരെ കേസെടുക്കുകയും ചെയ്തു. ഈ സംഭവം യുഡിഎഫിന് ഇവിടെ തിരിച്ചടിയായിരുന്നു. എന്നാല്‍ ധര്‍മ്മടത്തിലെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിണറായിയും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: