റാഗിങിനിരയായ മലയാളി വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിങ് കോളജില്‍ റാഗിങിനിരയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് റാഗിങിനിരയായത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റാഗിങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബലം പ്രയോഗിച്ച് ക്ലീനിങ് ലായിനിയായ ഫിനോള്‍ കുടിപ്പിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന് ശേഷം അവശയായ അശ്വതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നില മെച്ചപ്പെടാത്തതിനെത്തുടര്‍ന്ന് കോളജ് അധികൃതര്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം അശ്വതിയെ നാട്ടിലേക്കയക്കുകയായിരുന്നു.

നാട്ടിലെത്തിയതിന് ശേഷം എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ അന്നനാളത്തിന് പെള്ളലേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴുത്തില്‍ ദ്വാരമിട്ട് അതുവഴി ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ഇപ്പോള്‍ അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

അടുത്ത ആറ് മാസത്തേക്ക് കുട്ടിക്ക് സാധരണ രീതിയില്‍ വെള്ളം പോലും കുടിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കേളജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അശ്വതിയെ റാഗിങിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കറുത്തവളെന്ന് വിളിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു.

ദളിത് കുടുംബാംഗമായ അശ്വതി അഞ്ചുമാസം മുമ്പാണ് നഴ്‌സിങിനു ചേര്‍ന്നത്. ക്ലാസ് ആരംഭിച്ചതു മുതല്‍ തന്നെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡനം തുടങ്ങിയിരുന്നുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: