തുര്‍ക്കി വിമാനത്താവളത്തില്‍ ഭീകരാക്രമണം; 36 പേര്‍ കൊല്ലപ്പെട്ടു: ഇന്ത്യക്കാര്‍ സുരക്ഷിതര്‍

ഇസ്താംബൂള്‍: തുര്‍ക്കി അറ്റാര്‍ടക് വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെയോ മരിച്ചവരുടെയോ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. തുര്‍ക്കിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസ്സിയും ഇസ്താംബൂള്‍ ഗവര്‍ണറേറ്റുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങള്‍ ഇന്നലെ രാത്രിതന്നെ പുറപ്പെട്ടിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായാണ് അറ്റാര്‍ടക് വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ 36 പേര്‍ മരിക്കുകയും ചെയ്തു. നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. വിമാനത്താവളത്തിലേക്കെത്തിയ മൂന്നു ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം നടത്തും മുമ്പ് ഭീകരര്‍ ജനങ്ങള്‍ക്കു നേരെ വെടിവയ്പ്പും നടത്തി. ആക്രമണത്തിനു പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റാണെന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം സീല്‍ ചെയ്തു. ഇവിടെനിന്നുള്ള സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ ഭീകരവാദം ഭീഷണിയായതിന് തെളിവാണ് ആക്രമണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരപരാധികളെ ലക്ഷ്യം വയ്ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ വളരെ ഹീനമാണ്. ടാക്‌സിയിലെത്തിയ ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നും അദ്ദേഹം പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: