ഫ്രാന്‍സിലെ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടി

പാരീസ്: ഫ്രാന്‍സിലെ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടി. ഫ്രാന്‍സിലെ നീസില്‍ കഴിഞ്ഞ ആഴ്ച നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പാരീസില്‍ അടുത്തിടെ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ഭീകരാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴും നിരവധിപ്പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഫ്രാന്‍സ്, യു എസ്, ജര്‍മനി, ഉക്രൈന്‍, സ്വിറ്റ്‌സര്‍ലന്റ്, ടുനീഷ്യ, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് നടത്തിയതിന് ശേഷമാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. പാരീസില്‍ നവംബറില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. നവംബറിലായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. നീസ് ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചോളം പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്.

-sk-

Share this news

Leave a Reply

%d bloggers like this: