തുര്‍ക്കി സിറിയയില്‍ ഐ എസ് വിരുദ്ധ ആക്രമണം ആരംഭിച്ചു

ഇസ്താംബൂള്‍: തുര്‍ക്കി സിറിയയില്‍ ഐ എസ് വിരുദ്ധ ആക്രമണങ്ങള്‍ ആരംഭിച്ചു. വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെയാണ് തുര്‍ക്കി തീവ്രവാദ സംഘടനകള്‍ക്കെതിരെ നടത്തുന്നത്. അന്താരാഷ്ട്ര വ്യോമാക്രമണ സംഘടനയുടെ പിന്തുണയോടെയാണ് തുര്‍ക്കി തീവ്രവാദി സംഘടനയായ ഐ എസിനെതിരെ ആക്രമണം നടത്തുന്നത്. ജറാബുലസ് നഗരത്തില്‍ നിന്നും ഐ എസിനെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കി സിറിയിയില്‍ വ്യോമാക്രമണങ്ങളും ഗ്രൗണ്ട് ആക്രമണങ്ങളും നടത്തുന്നത്.

തുര്‍ക്കിഷ് ടൗണായ കര്‍ക്കാമീസിന്റെ എതിര്‍വശത്തുള്ള പ്രദേശമാണ് ജറാബുലസ്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘യൂഫ്രട്ടീസ് ഷീല്‍ഡ്’ എന്നാണ് ഐ എസിനെതിരെയുള്ള ഈ ആക്രമണത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ പ്രാദേശിക സമയം നാല് മണിയോടെയാണ് തുര്‍ക്കി ആക്രമണം ആരംഭിച്ചത്. പീരങ്കിയാക്രമണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങളാണ് തുര്‍ക്കി ഐ എസിനെതിരെ ഇതിനോടകം നടത്തിയിരിക്കുന്നത്.

ദൈവത്തിന്റെ അനുഗ്രഹത്താല്‍ തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് ആഭ്യന്തരമന്ത്രി ഇഫ്ഖാന്‍ അല അറിയിച്ചിരിക്കുന്നത്. ജറാബുലസില്‍ നിന്ന് എത്രയും പെട്ടെന്ന് ഐ എസിനെ പുറത്താക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കര്‍ക്കാമീസിലെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന് തുര്‍ക്കിഷ് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: