ഐറിഷ് ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ദ്ധന ഉടന്‍

കോര്‍ക്ക് : കോര്‍ക്കിലെ വീടുകള്‍ക്ക് 5 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സില്‍ നീക്കം നടത്തുന്നു. അടുത്ത വര്ഷം മുതല്‍ ഈ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. അയര്‍ലണ്ടില്‍ സ്വന്തമായി ഭവനം ഉള്ളവരാണ് ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് (LPT) ടാക്‌സ് അടയ്ക്കേണ്ടത്. നികുതി വര്‍ദ്ധനയിലൂടെ കൂടുതല്‍ തുക സമാഹരിക്കാനാണ് ഉദ്ദേശം. കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും നികുതി വര്‍ദ്ധനവ് ശരിവച്ചു.

കഴിഞ്ഞ വര്‍ഷം 5 ശതമാനം നികുതി ഇളവ് നല്‍കിയിരുന്നു, ഇതിലൂടെ 2 മില്യണ്‍ യൂറോ നഷ്ടപ്പെട്ടതായും കൗണ്‍സില്‍ കണക്കാക്കി. ഈ സ്ഥിതി തുടരുന്നത് കൗണ്‍സിലിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അംഗങ്ങള്‍ വിലയിരുത്തി. 2017 ലെ കൗണ്‍സില്‍ ബജറ്റില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ മൂന്ന് മില്യണ്‍ യൂറോയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകും.

ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സിലൂടെ സമാഹരിക്കുന്ന തുക ലാന്‍ഡ്സ് ഡൗണ്‍ റോഡ്, ഹഡ്ഡിംഗ് ടണ്‍ റോഡ് വികസനത്തിനും പെന്‍ഷന്‍ വര്‍ദ്ധനവിനുമാണ് വിനിയോഗിക്കുന്നതെന്ന് കൗണ്ടി മാനേജര്‍ ടെക്ലാന്‍ ഡാലി വ്യക്തമാക്കി. ടൗണുകള്‍ കേന്ദ്രികരിച്ച് വികസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് LPT നിരക്ക് കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

നികുതി വര്‍ദ്ധനവിനെ ഭൂരിഭാഗം കൗണ്‍സിലര്‍മാരും സ്വാഗതം ചെയ്യുമ്പോഴും ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ട്. കൗണ്‍സിലിന്റെ പ്രധാന വരുമാന മാര്‍ഗമായ LPT ല്‍ ഭൂരിഭാഗവും സെന്‍ട്രല്‍ ഗവണ്‍മെന്റ്റിലേക്കാണ് പോകുന്നത്. ഇതാണ് വിമര്ശനത്തിന് കാരണമാക്കുന്നത്. ഏതായാലും നികുതി വര്‍ദ്ധനവിനെക്കുറിച്ച് ഔദ്യോഗിക തീരുമാനം വരാന്‍ അടുത്ത കൗണ്‍സില്‍ ബജറ്റ് വരെ കാത്തിരിക്കേണ്ടി വരും.

എ എം

Share this news

Leave a Reply

%d bloggers like this: