കലാലോകത്തെ ഈശ്വരന്‍ വിടപറഞ്ഞിട്ട് 15 വര്‍ഷം

നൂറ് കണക്കിന് ചെറുപ്പക്കാരെ കലാലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ആബേലച്ചന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. കലാഭവന്‍ എന്ന കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ മാത്രമല്ല മനുഷ്യ സ്‌നേഹിയായ ആബേലച്ചന്റെ ജീവിത മാഹാത്മ്യം നേരിട്ട് അനുഭവിച്ചറിഞ്ഞവര്‍ അനവധി പേരാണ്. മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ ഒരു കൂട്ടം കലാകാരന്മാരെ സംഭാവന ചെയ്യാന്‍ കാരണക്കാരനായ മറ്റൊരാളും ആബേലച്ചനെപ്പോലെ ഉണ്ടാവില്ല. സിദ്ദിഖും, ലാലും, ജയറാമും കലാഭവന്‍ മണിയുമൊക്കെ അക്കൂട്ടത്തില്‍ പെടും.

1920 ജനുവരി 19 ന് എറണാകുളം ജില്ലയിലെ മുളക്കുളം പെരിയപ്പുറത്ത് മാത്തന്‍ വൈദ്യരുടേയും ഏലിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയും കടുത്ത ആരാധകനായ ആബേലച്ചന്‍ ചെറിയ പ്രായത്തില്‍ തന്നെ കവിതകളും എഴുതിയിരുന്നു.

വൈദിക വൃത്തിയായിരുന്നു ആബേലിന് ഇഷ്ടം. അങ്ങനെ ഇരുപതാം വയസ്സില്‍ സിഎംഐ സെമിനാരിയില്‍ ചേര്‍ന്ന്. വൈദിക പഠനം പൂര്‍ത്തിയാക്കി ദീപികയില്‍ പത്രപ്രവര്‍ത്തകനായെങ്കിലും പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി റോമില്‍ പോകുകയും അവിടെ നിന്ന് ജേര്‍ണലിസത്തിലും പൊളിറ്റിക്‌സിലും ഉന്നത ബിരുദം നേടി തിരിച്ചെത്തുകയും ചെയ്തു.

കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലാണ് ആബേലച്ചന്റെ പ്രതിഭ തിരിച്ചറിഞ്ഞത്. സീറോ മലബാര്‍ സഭയുടെ ആരാധന ക്രമം സുറിയാനി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് നിയോഗിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലും സഭയുടെ ചരിത്രത്തിലും സാംസ്‌കാരിക ലോകത്തും പുതിയ വഴിത്തിരിവായി. മലയാളികള്‍ക്ക് ദുര്‍ഗ്രാഹ്യമായിരുന്ന സുറിയാനി ആരാധനാക്രമവും ഗാനങ്ങളും അദ്ദേഹം രചിച്ച് കെകെ ആന്റണി ഈണം പകര്‍ന്ന് നൂറ് കണക്കിന് ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നു.

‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ എന്റെ ഹൃദയത്തില്‍’, എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത ക്രിസ്തു വിശ്വാസത്തില്‍ ഉണ്ടാവില്ല. ഗാനഗന്ധര്‍വന്റെ ശബ്ദത്തിലൂടെ മലയാളികള്‍ കേട്ട് ആ ഗാനമടക്കം നൂറുകണക്കിന് ഭക്തിഗാനങ്ങളാണ് ആബേലച്ചന്റെ തൂലികയിലൂടെ പിറന്നത്. ‘ഈശ്വരനെ തേടി ഞാന്‍ അലഞ്ഞു’ , ‘മനുഷ്യാ നീ മണ്ണാകുന്നു’, ‘എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു’, തുടങ്ങിയ ഗാനങ്ങളെ കൂടാതെ സീറോ മലബാര്‍ സഭയുടെ തിരുകര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന ഗാനങ്ങളിലധികവും ആബേലച്ചന്റെ രചനകളാണ്.

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന സ്ഥാപനം ആബേലച്ചന്‍ സ്ഥാപിച്ചത്. സഭയില്‍ നിന്നും സമൂഹത്തിലേക്ക് തന്റെ കലാസ്‌നേഹത്തെ ആബേലച്ചന്‍ വ്യാപിപ്പിച്ചത് ഈ കലാസ്ഥാപനത്തിന്റെ തുടക്കത്തോടെയായിരുന്നു. 1969 ല്‍ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന പേര് മാറ്റി കലാഭവന്‍ എന്ന പേരിട്ടു.

1974 ല്‍ എറണാകുളത്ത് കലാഭവന്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചതോടെയാണ് ഉപകരണ സംഗീതവും നൃത്തമുള്‍പ്പടെ വിവിധ ഇനങ്ങളില്‍ പരിശീലനം ആരംഭിച്ചു. ഇതോടെ വിദൂര ജില്ലകളില്‍ നിന്നുവരെ കുട്ടികള്‍ കലാഭവനിലേക്ക് ഒഴുകി.

അധികം വൈകാതെ കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും കലാഭവന്റെ ഖ്യാതിയെത്തി. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ഒട്ടനവധി പരിപാടികള്‍ അവതരിപ്പിച്ച ആബേലച്ചന്റെ നേതൃത്വത്തിലുള്ള കലാഭവന്‍ സംഘത്തെ മലയാളികള്‍ നിറമനസ്സോടെ വരവേറ്റു.

തന്റെ സ്വപ്ന തുല്യമായ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റുഡിയോയും പരിശീലന കേന്ദ്രവും യാഥാര്‍ഥ്യമാകുന്നതിന് മുന്‍പ് 2001 ഒക്ടോബര്‍ 27 ന് ആ നല്ല ഹൃദയത്തിന്റെ ഉടമ ലോകത്തില്‍ നിന്ന് വിട പറഞ്ഞു. കാല്‍പാടുകള്‍ മാത്രം അവശേഷിപ്പിച്ച് കലയുടെ ആ ഈ ഈശ്വരന്‍ നടന്നകന്നെങ്കിലും സ്വന്തം പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ക്കാന്‍ ചെറുപ്പക്കാര്‍ കൊതിപ്പിക്കുന്ന കാലത്തോളം ആബേലച്ചനെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: