ന്യൂസിലാന്റില്‍ ആഞ്ഞടിച്ച് സുനാമി തിരമാലകള്‍; റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി വന്‍ ഭൂകമ്പം

വെല്ലിങ്ടണ്‍: ന്യൂസിലന്റിന്റെ തീരങ്ങളില്‍ സൂനാമി തിരമാലകള്‍ അടിച്ചു. ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലാണ് സൂനാമി തിരമാലകള്‍ അടിച്ചത്. ന്യൂസിലന്റില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭുചലനം, ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള വടക്ക് കിഴക്കന്‍ മേഖലയിലാണ് ഉദ്ഭവിച്ചത്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പസിഫിക് സൂനാമി വാര്‍ണിങ്ങ് സെന്ററില്‍ നിന്നും സുനാമി മുന്നറിയിപ്പ് മേഖലയില്‍ ലഭിച്ചു. സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും നിലവില്‍ ആള്‍നാശമോ, അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്രൈസ്റ്റ് ചര്‍ച്ച് സിവില്‍ ഡിഫന്‍സ് എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.

അതേസമയം, ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം രാജ്യത്തുടനീളം അനുഭവപ്പെട്ടുവെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും ന്യൂസിലന്റ് ഗവണ്‍മെന്റിന്റെ വെബ്സൈറ്റ് സൂചിപ്പിച്ചു. കഴിഞ്ഞ സെപ്തംബര്‍ മാസം, ന്യൂസിലന്റിന്റെ കിഴക്കന്‍ തീരങ്ങളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ചെറു രൂപത്തില്‍ സൂനാമി അടിച്ചിരുന്നു. എന്നാല്‍ കാര്യമായ നഷ്ടങ്ങള്‍ സംഭവിച്ചില്ല.

 

എ എം

Share this news

Leave a Reply

%d bloggers like this: