ബ്രക്സിറ്റിന് മുന്നൊരുക്കം ഇല്ലായിരുന്നുവെന്ന് ആരോപണം – നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ലണ്ടന്‍: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് സര്‍ക്കാരിന് കൃത്യമായ മുന്നൊരുക്കമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന റിപോര്‍ട്ട് പുറത്ത്. യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതു സംബന്ധിച്ചു സ്വീകരിക്കേണ്ട തന്ത്രങ്ങളില്‍ ആറുമാസത്തോളം രാഷ്ട്രീയ നേതൃത്വത്തിന് അഭിപ്രായസമന്വയത്തിലെത്താനായിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട 500ലധികം പദ്ധതികള്‍ക്ക് 30,000ലധികം ജീവനക്കാരുടെ സഹായം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമുണ്ടെന്ന് കാബിനറ്റ് ഓഫിസ് ഒരു കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ തയ്യാറാക്കിയ ബ്രെക്സിറ്റ് അപ്ഡേറ്റ് എന്ന റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മാസം ഏഴിനാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് ബ്രെക്സിറ്റ് അപ്ഡേറ്റ് രേഖയില്‍ പറയുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി തെരേസ മെയ്ക്കെതിരേ റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ബ്രെക്സിറ്റിനു ശേഷമുള്ള നടപടികളില്‍ മന്ത്രിസഭയില്‍ ഭിന്നത നിലനില്‍ക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, രേഖയിലെ അവകാശവാദങ്ങള്‍ പ്രധാനമന്ത്രി തെരേസ മെയുടെ ഓഫിസ് നിഷേധിച്ചു. ഇതു സര്‍ക്കാര്‍ റിപോര്‍ട്ടല്ലെന്നും അതിലെ അവകാശവാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് പറഞ്ഞു. ബ്രെക്സിറ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: