വിവാഹ യാത്രക്കിടെ അപകടം; അച്ഛനെ കണ്ടെത്താനാകാതെ റൂബി

കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിനുശേഷം കാണാതായ അച്ഛനെ തിരയുകയാണു റൂബി ഗുപ്തയെന്ന ഇരുപതുകാരി. പത്തു ദിവസം കഴിഞ്ഞാല്‍, ഡിസംബര്‍ ഒന്നിന്, അസംഗഡില്‍ റൂബിയുടെ വിവാഹമാണ്. അവിടേക്കു കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്‌ബോഴാണ് അപകടം. റൂബിയുടെ കയ്യൊടിഞ്ഞു. സഹോദരങ്ങളായ അര്‍ച്ചന, ഖുശി, അഭിഷേക്, വിശാല്‍ എന്നിവര്‍ക്കും പരുക്കേറ്റു. അച്ഛന്‍ റാം പ്രസാദ് ഗുപ്തയ്ക്ക് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും അപകടത്തിനിടെ നഷ്ടമായെങ്കിലും അച്ഛനെ കണ്ടെത്താനാവാത്തതാണ് തങ്ങാനാവാത്ത ദുഃഖം.

“ആശുപത്രികളിലും മോര്‍ച്ചറികളിലും തെരയാന്‍ പലരും പറഞ്ഞു. അതനുസരിച്ച് പലയിടങ്ങളിലും നോക്കി. കണ്ടില്ല”. തേങ്ങലോടെ റൂബി പറഞ്ഞു. “വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അപകടത്തില്‍ നഷ്ടപ്പെട്ടു. എന്റെ വിവാഹം നടക്കുമോ, ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. എനിക്ക് എന്റെ അച്ഛനെ കണ്ടെത്തണം”.

അപകടത്തില്‍ 120ലേറെ പേര്‍ മരിച്ചിരുന്നു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. എണ്‍പതിലേറെ പേര്‍ അതീവ ഗുരുതരനിലയില്‍ തുടരുകയാണ്. പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും. കാണ്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പുക്രായന്‍. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. ആറു സ്ലീപ്പര്‍ ബോഗികളും രണ്ടു ജനറല്‍ ബോഗികളും അപകടത്തില്‍പ്പെട്ടു. തകര്‍ന്ന ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബോഗികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു പലരുടേയും മൃതദേഹങ്ങളും.
എ എം

 

Share this news

Leave a Reply

%d bloggers like this: