“ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു ഇനി കുമ്പസാരത്തിലൂടെ പാപമോചനം നേടാം” – മാര്‍പാപ്പ

ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു ഇനി കുമ്പസാരത്തിലൂടെ പാപമോചനം നേടാം. ഇതിനായി സഭയിലെ എല്ലാ വൈദികര്‍ക്കും കഴിഞ്ഞ വര്‍ഷം നല്‍കിയ താല്‍ക്കാലിക അനുമതി സ്ഥിരപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കല്‍പന പുറപ്പെടുവിച്ചു. കരുണയും അലിവുമാണ് സഭയുടെ മുഖമുദ്രയാകേണ്ടതെന്ന നിലപാടിനു കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് പോപ്പിന്റെ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടുമുതല്‍ ഈ മാസം 20 വരെ കത്തോലിക്കാ സഭയില്‍ ‘കരുണയുടെ വിശുദ്ധ വര്‍ഷം’ ആചരിച്ചിരുന്നു. വിശുദ്ധ വര്‍ഷം പ്രമാണിച്ചായിരുന്നു താല്‍ക്കാലിക അനുമതി നല്‍കിയത്. ഇതാണ് സ്ഥിരപ്പെടുത്തുന്നത്. മുന്‍പ് ഇതിനുള്ള അധികാരം ബിഷപ്പുമാര്‍ക്കും പ്രത്യേകം അധികാരപ്പെടുത്തിയവര്‍ക്കും മാത്രമായിരുന്നു. ഈ അധികാരം യുഎസിലും ബ്രിട്ടനിലും ബിഷപ്പുമാര്‍ ഇടവക വികാരിമാര്‍ക്കു കൈമാറിയിരുന്നെങ്കിലും മറ്റു രാജ്യങ്ങളില്‍ പഴയ രീതി തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം നല്‍കിയ അപ്പസ്‌തോലിക സന്ദേശത്തിലായിരുന്നു പുതിയ പ്രഖ്യാപനം. ഇതോടെ എല്ലാ വൈദികര്‍ക്കും ഇതിനുള്ള അധികാരം ലഭിച്ചു.

കളങ്കമില്ലാത്ത ഒരു ജീവനെ അവസാനിപ്പിക്കുന്ന ഗര്‍ഭച്ഛിദ്രം കടുത്ത പാപമാണെന്നു മാര്‍പാപ്പ ആവര്‍ത്തിച്ചു. എന്നാല്‍ ദൈവിക പുനരൈക്യം ആഗ്രഹിച്ച് അനുതപിക്കുന്ന ഒരു ഹൃദയമുണ്ടായാല്‍ ദൈവത്തിന്റെ കാരുണ്യത്തിന് ഏതു പാപവും തുടച്ചുനീക്കാനാവുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കരുണയുടെ വര്‍ഷം അവസാനിക്കുന്നതുകൊണ്ട് കരുണ അവസാനിക്കുന്നില്ലെന്നും അനുതപിക്കുന്നവര്‍ക്കു പുരോഹിതന്മാര്‍ ആശ്വാസവും തുണയും തുടര്‍ന്നുനല്‍കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

കരുണയുടെ വിശുദ്ധ വര്‍ഷാചരണത്തിന്റെ തുടക്കത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തുറന്ന ‘കരുണയുടെ വിശുദ്ധ വാതില്‍’ അതിന്റെ സമാപ്തി കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മാര്‍പാപ്പ അടച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: