നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണം – കേരളത്തില്‍ ഹര്‍ത്താല്‍

രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയ്ക്കു പുറമേ ബാങ്കിങ് മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി.

നവംബര്‍ 23 ന് സംയുക്ത യോഗം ചേര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നത്തെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. അന്ന് പാര്‍ലമെന്റില്‍ സംയുക്തമായി പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷാംഗങ്ങള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തിരുന്നു. നവംബര്‍ എട്ടിന് രാത്രി അപ്രതീക്ഷിതമായി നടത്തിയ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ദുരിതം മൂന്നാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്. നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ സാധിക്കാതെയും കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകള്‍ മാറിവാങ്ങാനാകാതെയും രാജ്യത്താകെ ജനങ്ങളാകെ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യത്തിന് ഇപ്പോഴും അറുതിയായിട്ടില്ല.

500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമല്ലെന്നതും അവ എടിഎമ്മുകളിലൂടെ നല്‍കാന്‍ സൗകര്യം ഒരുക്കാതിരുന്നതുമാണ് ദുരിതം ഇരട്ടിപ്പിച്ചത്. ഇതുകാരണം നിത്യജീവിതം പോലും ദുരിതത്തിലായി. പണം ലഭ്യമല്ലാതായതോടെ രാജ്യത്തെ വ്യവസായ – വ്യാപാര- കാര്‍ഷിക മേഖലകളെല്ലാം പ്രതിസന്ധിയിലായി. അമ്പതു ലക്ഷത്തോളം തൊഴിലാളികളാണ് വേതനം ലഭിക്കാതെ കഷ്ടത്തിലായത്. കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ടു പിന്‍വലിക്കല്‍ നേരത്തേ തന്നെ വേണ്ടപ്പെട്ടവര്‍ക്കെല്ലാം ചോര്‍ത്തി നല്‍കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ടായി.

റിസര്‍വ്വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ജൂലൈ മാസത്തില്‍ കോടിക്കണക്കിന് രൂപ പിഴ ചുമത്തിയ സ്വകാര്യ ബാങ്കുകള്‍ക്കു പോലും നോട്ടു മാറി നല്‍കാനും ഇടപാടുകള്‍ നടത്താനും അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള അവസരമായും തീരുമാനത്തെ ഉപയോഗിച്ചു. ഇതും ഗ്രാമീണ സമ്പദ്ഘടനയ്ക്ക് വന്‍ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സംസ്ഥാനത്തുനിന്നുള്ള സര്‍വ്വകക്ഷിസംഘത്തിന് അനുമതി ലഭിച്ചില്ല. ഇതില്‍ കൂടി പ്രതിഷേധിച്ചാണ് ഇന്നത്തെ ഹര്‍ത്താല്‍. എന്നാല്‍, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടാണ് യു ഡി എഫിനുള്ളത്. യു ഡി എഫ്, എം എല്‍ എമാര്‍ തിങ്കളാഴ്ച രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: