പാസ്പോര്‍ട്ടിനായുള്ള അപേക്ഷകള്‍ ഇനി മുതല്‍ ലളിതം

ന്യൂഡല്‍ഹി : പാസ്‌പോര്‍ട് അപേക്ഷാ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉദാരമാക്കി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ടിനായുള്ള അനുബന്ധരേഖകള്‍ അപേക്ഷകനു സ്വയം സാക്ഷ്യപ്പെടുത്താമെന്നതാണ് ഇതില്‍ പ്രധാനം. പരിഷ്‌കരിച്ച നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു.

ഏതെങ്കിലും കാരണത്താല്‍ പാസ്‌പോര്‍ട്ടില്‍ മാതാപിതാക്കളില്‍ ഒരാളുടെ മാത്രം പേരു മതിയെന്ന് അപേക്ഷകന്‍ താല്‍പര്യപ്പെട്ടാല്‍ അതിനും അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്.
പാസ്‌പോര്‍ട് അപേക്ഷയോടൊപ്പം ഇനി മുതല്‍ ഒന്‍പത് അനുബന്ധരേഖകള്‍ മതി.
ഇതുവരെ 15 രേഖകള്‍ നല്‍കേണ്ടിയിരുന്നു.

അനുബന്ധരേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്താം.വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മാറിത്താമസിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്തവര്‍ പങ്കാളിയുടെ പേരു നല്‍കേണ്ടതില്ല. വിവാഹമോചനത്തിനു തെളിവും സമര്‍പ്പിക്കേണ്ട. രാജ്യത്തിനുള്ളില്‍നിന്നു ദത്തെടുത്ത കുട്ടികളുടെ കാര്യത്തില്‍ അപേക്ഷകന്‍ വെള്ളക്കടലാസില്‍ പ്രസ്താവന നല്‍കിയാല്‍ മതിയാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സന്യാസിമാര്‍ക്ക് ഇനി മാതാപിതാക്കള്‍ക്കു പകരം ആത്മീയ ഗുരുവിന്റെ പേരു നല്‍കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. എന്നാല്‍, മാതാപിതാക്കളുടെ സ്ഥാനത്തു ഗുരുവിന്റെ പേരെഴുതിയ ഏതെങ്കിലും സര്‍ക്കാര്‍ രേഖ ഹാജരാക്കിയാലേ ഇത് അനുവദിക്കൂ എന്നു മുഖ്യ പാസ്‌പോര്‍ട് ഓഫിസര്‍ അരുണ്‍ ചാറ്റര്‍ജി അറിയിച്ചു.

ജനനത്തീയതി തെളിയിക്കുന്നതിനു സര്‍ക്കാരില്‍നിന്നോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ ഉള്ള രേഖ നല്‍കിയാല്‍ മതി. 1989 ജനുവരി 26നുശേഷം ജനിച്ചവര്‍ ജനന സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്നായിരുന്നു നിലവിലുള്ള നിബന്ധന. ഇനി മുതല്‍ എല്ലാ അപേക്ഷകര്‍ക്കും പല അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്നു ജനനത്തീയതിക്കുള്ള തെളിവായി സമര്‍പ്പിക്കാം. ജനനമരണ രജിസ്റ്റ്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പല്‍ കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ്, 1969ലെ ജനനമരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ളയാളുടെ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ ടിസി, ഒടുവില്‍ പഠിച്ച സ്‌കൂളില്‍നിന്നോ വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ ലഭിക്കുന്ന മട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍, ഇആധാര്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് റെക്കോര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട അധികാരി സാക്ഷ്യപ്പെടുത്തിയ പേ പെന്‍ഷന്‍ ഓര്‍ഡര്‍ എന്നിവയിലൊന്ന് തെളിവായി നല്‍കാം.

ഇതിന് പുറമേ ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി എന്നിവയും സ്വീകരിക്കും. ജനനത്തീയതി തെളിയിക്കുന്നതിനു രേഖകളില്ലാത്ത അനാഥക്കുട്ടികള്‍ക്ക് അനാഥാലയ മേധാവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം സ്വീകരിക്കും. മലധികാരിയില്‍നിന്നു സമ്മതപത്രമോ എന്‍ഒസിയോ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളും ഉദാരമാക്കി. അപേക്ഷിക്കുന്ന കാര്യം മേലധികാരിയെ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ നിശ്ചിത അനുബന്ധരേഖയില്‍ എഴുതി നല്‍കിയാല്‍ മതിയെന്നാണു പുതിയ വ്യവസ്ഥ.

വിദേശകാര്യ മന്ത്രാലയവും വനിതാശിശു ക്ഷേമ മന്ത്രാലയവും ചേര്‍ന്നു നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ചാണു പാസ്‌പോര്‍ട് അപേക്ഷകള്‍ക്കുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ഉദാരമാക്കിയത്.

ഹെഡ് പോസ്റ്റ് ഓഫിസുകള്‍ വൈകാതെ അനുബന്ധ പാസ്‌പോര്‍ട് സേവാകേന്ദ്രങ്ങളാകും. പരീക്ഷണ പദ്ധതി നടപ്പാക്കിയ ശേഷമായിരിക്കും ഇതു വ്യാപകമാക്കുകയെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അറിയിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: