സിറിയന്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയെ ഹംഗറി കോടതി ശിക്ഷിച്ചു

അഭയാര്‍ത്ഥികളെ കാല്‍കൊണ്ടു തടഞ്ഞു വീഴ്ത്തിയ മാധ്യമ പ്രവര്‍ത്തക പെട്ര ലാസ്ലോയെ ഹംഗറി കോടതി ശിക്ഷിച്ചു. ഹംഗറിയിലെ പ്രാദേശിക ചാനലിലെ വിഡിയോഗ്രാഫറായ പെട്രയ്ക്ക് മൂന്നുവര്‍ഷത്തെ നല്ലനടപ്പാണ് ശിക്ഷയായി ലഭിച്ചിരിക്കുന്നത്.

2015 സെപ്റ്റംബറിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ വ്യാപകമായി പ്രതിഷോധമാണുണ്ടായത്. വീഡിയോ പരിശോധിച്ച് സത്യാവസ്ഥ മനസ്സിലാക്കിയ ഹംഗറി സര്‍ക്കാരാണ് പെട്രയ്ക്കെതിരെ കോടതിയെ സമീപിച്ചത്. പെട്രയുടെ ഭാഗത്താണ് തെറ്റെന്നു തിരിച്ചറിഞ്ഞ ഹംഗറിയിലെ ഇന്റര്‍നെറ്റ് ടിവി ചാനലായ എന്‍1ടിവിയും അവരെ ജോലിയില്‍ നിന്നു പുറത്താക്കിയിരുന്നു.

അഭയാര്‍ഥികളോടുള്ള മോശമായ മനോഭാവം കൊണ്ടല്ല. പെട്ടന്നുണ്ടായ പ്രതിരോധമാണ് ആ സംഭവത്തിനു കാരണമെന്നായിരുന്നു പെട്രയുടെ വിശദീകരണം. എന്നാല്‍ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് പെട്രയുടെ മൊഴി കളവാണെന്നും യാതൊരു പ്രകോപനവുമില്ലാതെ അഭയാര്‍ഥികളെ കാല്‍വെച്ചു വീഴ്ത്തിയത് അവരോടുള്ള വിരോധം കൊണ്ടാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് കോടതി പെട്രയ്ക്ക് ശിക്ഷ വിധിച്ചത്.

2015 സെപ്റ്റംബറില്‍ സെര്‍ബിയയില്‍ നിന്ന് ഹംഗറിയിലേക്ക് കടക്കാനൊരുങ്ങവേ സിറിയന്‍ അഭയാര്‍ത്ഥിയെയും മകനെയും പെട്ര കാല്‍വച്ചു വീഴ്ത്തുകയായിരുന്നു. സിറിയന്‍ അഭയാര്‍ഥി ഒസാമ അബ്ദുല്‍ മൊഹ്സിനെതിരെ പെട്ര പരാതി കൊടുക്കുകയും ചെയ്തിരുന്നു. സെര്‍ബിയയുടെ അതിര്‍ത്തിയില്‍ നിന്ന് ഹംഗറിയിലേക്ക് ഒരുകൂട്ടം സിറിയന്‍ അഭയാര്‍ഥികള്‍ ഓടിക്കടക്കുകയായിരുന്നു. ഇതു പകര്‍ത്താനായി ക്യാമറയുമായി പെട്രയുമെത്തിയിരുന്നു. ഹംഗേറിയന്‍ പൊലീസ് തടഞ്ഞെങ്കിലും പലരും അവരെയും കടന്നോടി. അതിനിടെയാണ് മകനുമായി പോകുകയായിരുന്ന മൊഹ്സിനെ പെട്ര കാല്‍വച്ചു വീഴ്ത്തിയത്. അടിതെറ്റിയ മൊഹ്സിന്‍ മകനു മുകളിലേക്ക് വീഴുന്നതടക്കമുള്ള ദൃശ്യങ്ങള്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ക്യാമറയില്‍ പതിയുകയായിരുന്നു.

ലോകത്തിന്റെ പല കോണുകളില്‍ നിന്ന് ഇവര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു്. ഫെയ്സ്ബുക്ക് പേജില്‍ ‘ഡിസ്ലൈക്ക് പെട്ര’ പേജുകളും പ്രത്യക്ഷപ്പെട്ടു. വധഭീഷണി വന്നതോടെ ഒരു മാധ്യമത്തിനു നല്‍കിയ തുറന്ന കത്തില്‍ പെട്ര തന്റെ തെറ്റിന് മാപ്പ പറഞ്ഞിരുന്നു. എന്നാല്‍ മാപ്പു പറഞ്ഞിട്ടും പെട്രയെ ലോകം വെറുതെ വിട്ടില്ല. ഇതുവരെ വേറെ ജോലിയൊന്നും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കോടതി അവരെ നല്ലനടപ്പിന് വിധിച്ചത്.

എന്തായാലും അന്നു വീണ മൊഹ്സിന് സ്പെയിനില്‍ ഒരു താമസസ്ഥലം ലഭിച്ചു. മാഡ്രിഡിലെ ഫുട്ബോള്‍ ക്ലബിലെ കോച്ചായി ജോലി ലഭിക്കുകയും ചെയ്തു. കൊച്ചുകുട്ടി സെയ്ദിനെ കാണാന്‍ അവന്റെ പ്രിയഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരെ എത്തുകയും ചെയ്തു


എ എം

 

Share this news

Leave a Reply

%d bloggers like this: