മരിച്ചെന്ന് കരുതിയ കൗമാരക്കാരന്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു; സംഭവം കര്‍ണ്ണാടകയില്‍

മരിച്ചെന്ന് കരുതി മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുന്നതിനിടെ 17കാരന്‍ എഴുന്നേറ്റിരുന്നു. കര്‍ണാടകയിലെ ധാര്‍വാഡിലെ മനാഗുണ്ഡി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കുട്ടി എഴുന്നേറ്റിരുന്നപ്പോള്‍ ആദ്യമൊന്ന് അമ്പരന്ന ബന്ധുക്കള്‍ പിന്നീട് ഇയാളെ ആശുപത്രിയിലെത്തിച്ചു.

അതേസമയം കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് അറിയുന്നത്. ഒരുമാസം മുമ്പ് തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേറ്റ കുമാര്‍ മേര്‍വാദ് ആണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇയാളെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇയാള്‍ രക്ഷപ്പെടില്ലെന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റിയാല്‍ അപ്പോള്‍ മരണം സംഭവിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. അണുബാധ കൂടിയായതോടെ വീട്ടുകാര്‍ ഇയാളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വെന്റിലേറ്ററില്‍ നിന്നും നീക്കിയപ്പോള്‍ മരണം സംഭവിച്ചെന്നും പിന്നീട് ശരീരം അനങ്ങുകയോ ശ്വാസമെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാളുടെ സഹോദരീ ഭര്‍ത്താവ് അറിയിച്ചു.

ഇതോടെ മരണം സ്ഥിരീകരിച്ച ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഗ്രാമത്തില്‍ നി്ന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് സംസ്‌കാര ചടങ്ങുകള്‍ ഒരുക്കിയിരുന്നത്. അവിടേക്കുള്ള യാത്രക്കിടെ കുമാര്‍ കണ്ണുതുറക്കുകയും കൈയും കാലും അനക്കുകയും ദീര്‍ഘമായി ശ്വാസമെടുക്കാന്‍ തുടങ്ങുകയും ചെയ്തു. അതോടെ സമീപത്തെ ആശുപത്രിയില്‍ ഇയാളെ എത്തിക്കുകയായിരുന്നു.

കുമാറിന് പട്ടികടിയേറ്റയപ്പോഴുണ്ടായ അണുബാധയാണെന്നും ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: