ആയിരം രൂപ തിരിച്ചു വരുന്നു; പുതിയ രൂപത്തില്‍

പുതിയ ആയിരം രൂപ നോട്ടുകള്‍ വരുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ആര്‍ബിഐ തന്നെ ഇക്കാര്യം ഇപ്പോള്‍ അറിയിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍ക്കാരും ആര്‍ബിഐയും പുതിയ ആയിരം രൂപ നോട്ട് പുറത്തിറക്കാനാണ് പദ്ധയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ആയിര രൂപ നോട്ടുകള്‍ അടിച്ചു തുടങ്ങിയെന്നാണ് വിവരം. നേരത്തെ ജനുവരിയില്‍ പുതിയ 1000 രൂപ നോട്ടുകള്‍ എത്തുമെന്നായിരുന്നു വിവരങ്ങളുണ്ടായിരുന്നത്.

നവംബര്‍ എട്ടിനാണ് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിനു പകരമായി പുതിയ 2000 രൂപ നോട്ടുകള്‍ എത്തിച്ചിരുന്നു. പിന്നാലെ നിരോധിച്ച 500 രൂപ നോട്ടുകള്‍ മുഖം മിനുക്കി എത്തി. എന്നാല്‍ 1000 രൂപ നോട്ടുകളും തിരിച്ചെത്തുന്നുവെന്നാണ് പുതിയ വിവരം.

പുതിയ 1000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചതായി ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ 1000 രൂപ നോട്ട് ജനുവരിയിലെത്തിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 500 രൂപ നോട്ട് അത്യാവശ്യമായിരുന്നതിനാല്‍ ഇത് വൈകുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം പുതിയ 1000 രൂപ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാല്‍ ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. പുതിയ 500, 2000 രൂപ നോട്ടുകളില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഉള്ളത്. അതുപോലെ പുതിയ 1000 രൂപ നോട്ടുകള്‍ക്കും കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.

നോട്ട് നിരോധനത്തിനു പിന്നാലെ കനത്ത നോട്ട് ക്ഷാമം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കേണ്ടി വന്നത്. 1000 രൂപ നോട്ടുകളും എത്തുന്നതോടെ ചില്ലറ ക്ഷാമം അവസാനിക്കുമെന്നാണ് വിലയിരുത്തുന്നത്.

നോട്ട് നിരോധനത്തിനു പിന്നാലെ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന കാശിന് പരിധി ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ നിരവധി നിയന്ത്രണങ്ങളും കൊണ്ടു വന്നിരുന്നു. ഫെബ്രുവരി 20ന് ഒരാഴ്ച പിന്‍വലിക്കാവുന്ന പരിധി 50,000 ആയി ഉയര്‍ത്തി. നേരത്തെ 24,000 ആയിരുന്നു ഇത്. മാര്‍ച്ച് 13 മുതല്‍ നോട്ട് പിന്‍വലിക്കാന്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: