ഇന്ത്യന്‍ എഞ്ചിനീയര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു; ഞെട്ടലുണ്ടാക്കുന്ന സംഭവമെന്ന് ഇന്ത്യ

ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് അമേരിക്കയില്‍ ദാരുണാന്ത്യം. വംശീയ അധിക്ഷേപം നടത്തിയ ശേഷം അമേരിക്കക്കാരനായ അക്രമി ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോത്‌ല(22)യെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അമേരിക്കയിലെ ബാറില്‍ വെച്ചായിരുന്നു ആക്രമണം. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനും വെടിയേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.

51 വയസ്സുള്ള മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ആഡം പുറിന്റോണ്‍ ആണ് അക്രമി. വെടി വെക്കുന്നതിന് മുമ്പ് ഇയാള്‍ ‘എന്റെ രാജ്യം വിട്ടുപോകൂ’ എന്ന് ആക്രോശിച്ചതായാണ് റിപ്പോര്‍ട്ട്. ശ്രീനിവാസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വെടിയേറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അലോക് മദാസാനി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. അക്രമിയെ തടയാന്‍ ശ്രമിച്ച ഗ്രിലോട്ട് എന്ന 24കാരനും വെടിയേറ്റിട്ടുണ്ട്.

കാന്‍സാസിലെ ഒലാത്തിലെ ബാറില്‍ പ്രാദേശിക സമയം രാത്രി 7.15നാണ് വെടിവെപ്പ് ഉണ്ടായത്. ജോലിക്ക് ശേഷം ബാറിലെത്തിയതായിരുന്നു ശ്രീനിവാസും അലോകും. വെടിയുതിര്‍ത്ത ശേഷം ബാറില്‍ നിന്നും രക്ഷപ്പെട്ട അക്രമിയെ അഞ്ച് മണിക്കൂറിന് ശേഷം മിസൗറിയില്‍ നിന്നും പോലീസ് പിടികൂടി.

ജിപിഎസ് സംവിധാനങ്ങള്‍ ഉണ്ടാക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗാര്‍മിന്‍ ഇന്റര്‍നാഷണല്‍ ജീവനക്കാരാണ് ശ്രീനിവാസും അലോകും. 2014ലാണ് ശ്രീനിവാസ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. ശ്രീനിവാസിന്റെ ഭാര്യ സുനന്യയും കാന്‍സാസിലെ മറ്റൊരു ടെക് കമ്പ നിയിലെ ജീവനക്കാരിയാണ്.

ഹെദരാബാദിലെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ശ്രീനിവാസ് വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാണ്. എല്‍ പാസോയിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും ശ്രീനിവാസ് നേടിയിട്ടുണ്ട്.

സംഭവമറിഞ്ഞ് ശ്രീനിവാസിന്റേയും അലോകിന്റേയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ഇന്ത്യന്‍ എംബസിയില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ കാന്‍സാസിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: