പാരീസിലെ ഐഎംഎഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്ഫോടനം; സുരക്ഷ ശക്തമാക്കി

പാരീസ്: ഐഎംഎഫ്(ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) ന്റെ ഫ്രാന്‍സിലെ ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്ഫോടനം. പാരീസിലെ ഓഫീസിലാണ് പകല്‍ ലെറ്റര്‍ ബോംബ് സ്ഫോടനം നടന്നത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഓഫീസിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഫ്രാന്‍സിലെ ഐഎംഎഫിന്റെ സെക്രട്ടേറിയേറ്റിന്റെ വിലാസത്തില്‍ വന്ന പാക്കേജ് സെക്രട്ടറി തുറക്കവേയാണ് സ്ഫോടനം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കൈയ്ക്കും മുഖത്തിനും സാരമായ പരുക്കുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ മൂന്നുപേര്‍ മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. തപാല്‍ വഴിയാണ് പാക്കേജ് എത്തിയത്.

സ്ഫോടനത്തിന് പിന്നാലെ ഐഎംഎഫിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നും ജീവനക്കാരെ മാറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐഎംഎഫിനു നേരെ ഭീഷണിയുണ്ടായിരുന്നു.

അതിനിടെ ഫ്രാന്‍സിലെ തന്നെ ഗ്രാസെ നഗരത്തിലുള്ള ഒരു സ്‌കൂളിന് നേരെയും വെടിവെയ്പ് നടന്നു. ഭീകരാക്രമണമല്ലെന്നാണ് അധികൃതരുടെ നിഗമനം. വെടിവെയ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ഫ്രഞ്ച് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: