യുഎസിന് പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും; ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമയാന വകുപ്പ്

യുഎസിന് പിന്നാലെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. വ്യോമസുരക്ഷയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. തുര്‍ക്കി, ലെബനോന്‍, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, ഉത്തര ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ യാത്രക്കാര്‍ക്കാണ് വിലക്ക്. ഈജിപ്ത്, സൗദി അറേബ്യ, തുര്‍ക്കി, ലെബനോന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ലഗേജിനൊപ്പം മാത്രമേ കൊണ്ടുവരാനാകൂ.

പൗരന്‍മാരുടെ സുരക്ഷയെ കണക്കാക്കിയാണ് ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഭീകരാക്രമണ ഭീക്ഷണി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതുകൊണ്ടാണ് ഇത്തരം നടപടികളുമായി മുന്നോട്ട്പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എട്ടു രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍നിന്നു ബ്രിട്ടനിലേക്കു നേരിട്ടുള്ള വിമാനയാത്രയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശംവെയ്ക്കുന്നതാണ് വിലക്കുക.

യാത്രക്കാര്‍ക്ക് ചെക് ചെയ്തതിനു ശേഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബ്രിട്ടനിലേക്ക് കൊണ്ടുവരാനുള്ള അനുവാദം ലഭിക്കും. സ്ഫോടക വസ്തുക്കള്‍ പോര്‍ട്ടബില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കൊണ്ടുവന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാനത്താവളങ്ങള്‍ ഇത്തരത്തില്‍ ആക്രമിക്കപെടാനുള്ള സാധ്യത ഉണ്ടെന്നും ഇന്റലിജന്‍സ് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇലക്ട്രോണിക്ക് ഉപകരണം യാത്രയില്‍ കൂടെ കൂട്ടുന്നതില്‍ വിലക്ക് ഏര്‍പെടുത്തിയത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതും രഹസ്യാന്വേഷണ വിഭാഗം തന്നെയാണ്.

കഴിഞ്ഞ ദിവസം ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്ടോപ്, ടാബ്ലറ്റ് അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി അമേരിക്ക രംഗത്തുവന്നിരുന്നു. നിരോധനത്തെക്കുറിച്ച് ഔദ്യോഗികമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും, വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആ നടപടി പിന്തുടര്‍ന്നാണ് യുകെയും എത്തിയിരിക്കുന്നത്.

അതേസമയം വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമയാന വകുപ്പ്. വിലക്കേര്‍പ്പെടുത്തിയതു സംബന്ധിച്ച് രാജ്യത്തെ വ്യോമയാന വകുപ്പിന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയുള്ളുവെന്നും ഡിജിസിഎ അറിയിച്ചു. ചൊവാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നത്. ഭീകരര്‍ വിമാനങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു വിലക്കെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

 

എ എം

Share this news

Leave a Reply

%d bloggers like this: