കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

പച്ചാളം എഞ്ചിനീയറിങ് കോളെജിലെ ഓഡിയോ എഞ്ചിനീയറിങ് വിദ്യാത്ഥിയും എടത്തല സ്വദേശിയുമായ ജെറിന്‍ മൈക്കളാണ് കഠിനമായ വയറുവേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. ജെറിന് ശസ്ത്രക്രിയ ആവശ്യമായിട്ടും ഡോക്ടര്‍മാര്‍ എത്താതിരുന്നതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്നലെ രാവിലെയോടെയാണ് ജെറിനെ കടുത്ത വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ജെറിന് ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മതിയായ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അവധിയിലായിരുന്ന ഡോക്ടറുമായി ജെറിന്റെ ബന്ധുക്കള്‍ സംസാരിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായില്ല. വൈകുന്നേരത്തോടെ ജെറിന്റെ രോഗം മൂര്‍ച്ഛിച്ചു.

ജെറിനെ ഐസിയുവിലേക്ക് മാറ്റാന്‍ നോക്കിയപ്പോള്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയിലെ ജീവനക്കാരും ചില രോഗികളും ചേര്‍ന്ന് ചുമന്നാണ് യുവാവിനെ ഐസിയുവില്‍ എത്തിച്ചത്. ഐസിയുവില്‍ എത്തി അല്‍പ സമത്തിനകം ജെറിന്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജെറിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. അത്യാഹിത വിഭാഗത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. ജെറിനെ പരിശോധിക്കാന്‍ കഴിയില്ലായിരുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യണമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തട്ടിയും മുട്ടിയും വിളിച്ചതല്ലാതെ ഒരു പരിശോധനയും ഡോക്ടര്‍മാര്‍ നടത്തിയില്ലെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ അലംഭാവം കാട്ടിയ ഡോക്ടറിനെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡി എം ഇയെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. അന്വേഷണത്തില്‍ ആര്‍ക്കെങ്കിലും വീഴ്ചയുള്ളതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. സംഭവം അറിഞ്ഞയുടന്‍ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എറണാകുളം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ആരോപണ വിധേയരായ രണ്ട് ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

 
ഡികെ

Share this news

Leave a Reply

%d bloggers like this: