സിറിയയിലെ രാസാക്രമണത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഏഴുവയസുകാരി

സിറിയയിലെ ഇദ്ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഏഴുവയസുകാരി. ‘വോയിസ് ഓഫ് ആലപ്പോ’ എന്ന പേരില്‍ അറിയപ്പെടുന്ന ഏഴുവയുകാരി ബന അലബദാണ് ട്വിറ്ററിലൂടെ ട്രംപിന് നന്ദിയറിച്ചത്. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും യുദ്ധത്തിന്റെ ഭീകരത നവമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പേരില്‍ ബന നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന ട്രംപിന് നന്ദിയറിയിച്ചുകെണ്ട് ട്വീറ്റ് ചെയ്തത്. ബാഷര്‍ അല്‍ അസിന്റെയും പുതിന്റേയും ആക്രമണങ്ങള്‍ക്കിരയായ സിറിയന്‍ പെണ്‍കുട്ടിയാണ് താന്‍ എന്ന അഭിസംബോധനയോടെയാണ് ബനയുടെ ട്വീറ്റ്. തന്റെ ജനങ്ങളെ കൊലപ്പെടുത്തിയ ആക്രമണത്തിനെതിരെ നടപടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ബനയുടെ ഒരു ട്വീറ്റ്. പുതിനും ബാഷര്‍ അല്‍ അസദുമാണ് തന്റെ സ്‌കൂളില്‍ ബോംബിട്ടത്. അവര്‍ തന്റെ സുഹൃത്തുക്കളെ കൊന്നു, കുട്ടിക്കാലത്തെ കളി, ചിരികള്‍ എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അമേരിക്കയുടെ ആക്രമണം കുട്ടികളെ കൊന്നവര്‍ക്കുള്ള തിരിച്ചടിയാണെന്നും ബന പറയുന്നു.

തങ്ങള്‍ക്ക് മൂന്നാമതൊരു ലോകമഹായുദ്ധം വേണ്ട. സിറിയയിലും യുദ്ധങ്ങള്‍ വേണ്ട. യുദ്ധത്തിനെതിരെ എല്ലാവര്‍ക്കും അണിനിരക്കാം. യുദ്ധങ്ങള്‍ അവസാനിക്കട്ടെയെന്നും ബന ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ലിബ് പ്രവിശ്യയായ ഖാന്‍ ഷെയ്ഖനില്‍ രാസായുധ പ്രയോഗം നടന്നത്. ആക്രമണത്തില്‍ എണ്‍പത്താറോളം പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരില്‍ അധികവും കുട്ടികളായിരുന്നു. ഖാന്‍ ഷെയ്ഖനില്‍ മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ കണ്ട ശേഷമാണ് സിറിയയില്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദ് നടത്തിയ ആക്രമണത്തിനെതിരെ അമേരിക്ക തിരിച്ചടിച്ചത്. വ്യോമാക്രമണത്തില്‍ ഒന്‍പതോളം സിറിയന്‍ സൈന്യം മരിച്ചതായാണ് അമേരിക്കയുടെ വാദം. എന്നാല്‍ സിറിയ ഇത് സ്ഥിരീകരിച്ചിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: