സിറിയയിലേക്ക് നാറ്റോ സൈന്യം വരുന്നതായി സൂചന; അമേരിക്ക ശക്തമായ ആക്രമണത്തിന്

സിറിയയില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നു പുറത്താക്കുംവരെ ആക്രമണം തുടരുമെന്ന സൂചനകളാണ് അമേരിക്ക നല്‍കുന്നത്. അസദിനെ സഹായിക്കുന്ന നടപടിയില്‍ നിന്നു റഷ്യയെ പിന്തിരിപ്പിക്കാനും നീക്കം ശക്തമാണ്. സാധാരണക്കാരെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിറിയയില്‍ അമേരിക്ക കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുന്നത്. ഇക്കാര്യം റഷ്യയെ അമേരിക്ക അറിയിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഉടന്‍ മോസ്‌കോയിലെത്തും. അദ്ദേഹമിപ്പോള്‍ ഇറ്റലിയില്‍ ജി7 രാജ്യങ്ങളുടെ സമ്മേളനത്തിലാണ്.

കഴിഞ്ഞാഴ്ച അമേരിക്കന്‍ സൈന്യം സിറിയയിലെ ശൈറാത്ത് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയത് ഞെട്ടലോടെയാണ് ലോകം കേട്ടത്. 59 ക്രൂയിസ് മിസൈലുകളാണ് വ്യോമതാവളത്തില്‍ പതിച്ചത്. ഈ താവളം ഉപയോഗിച്ച് വിമതര്‍ക്ക് സ്വാധീനമുള്ള ഖാന്‍ ശൈഖൂനില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത് റഷ്യയും ഇറാനുമായിരുന്നു. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് മുമ്പില്‍ അമേരിക്ക ഭയക്കില്ലെന്നാണ് ടില്ലേഴ്സണ്‍ പറയുന്നത്. യുഎസ് റഷ്യ ബന്ധത്തില്‍ ഇത് കാര്യമായ തകരാറുണ്ടാക്കുമെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു. യുഎസിന്റെ സക്ഷ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രയേല്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവ ആക്രമണത്തെ പിന്തുണച്ചു. സിറിയയിലെ വിമതര്‍ ആക്രമണത്തെ സ്വാഗതം ചെയ്തു. 2011ല്‍ സിറിയന്‍ യുദ്ധം തുടങ്ങിയശേഷം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനുനേരേ അമേരിക്ക ഇത്ര കടുത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്.

സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ക്രൂരത അവസാനിപ്പിച്ച്, ഐസിസിനെതിരേ പോരാട്ടം ശക്തമാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്ന് ടില്ലേഴ്സണ്‍ വ്യക്തമാക്കി. സരിന്‍ ബോംബാണ് സിറിയന്‍ സൈന്യം സാധാരണക്കാര്‍ക്കെതിരേ ഉപയോഗിച്ചതെന്നാണ് അമേരിക്ക പറയുന്നത്. ബാരല്‍ ബോംബും വര്‍ഷിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സിറിയ നിഷേധിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: