സീറ്റ് മാറിയിരുന്ന വധൂവരന്മാരെ യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും പുറത്താക്കി

കോസ്റ്റ്റിക്കയിലേക്ക് വിവാഹത്തിനായി പോവുകയായിരുന്ന കമിതാക്കളെ യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ടെക്സാസിലെ ഹൂസ്റ്റണില്‍ നിന്ന് കോസ്റ്റ്റിക്കയിലേക്ക് യാത്ര ചെയ്യാനിരുന്ന മൈക്കല്‍ ഹോല്‍ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ആബര്‍ മാക്സ്വെല്‍ എന്നിവരെയാണ് യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. പ്രണയിതാക്കള്‍ വിമാനത്തില്‍ ക്ലാസ് മാറിയിരുന്നതിനാലാണ് ജീവനക്കാര്‍ ഇവരെ പുറത്താക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ആഴ്ച യാത്രക്കാര്‍ അധികമെന്ന കാരണത്താല്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ വിവാദം അണയുന്നതിനു മുമ്പേ വീണ്ടും പണി. സഹയാത്രികരിലൊരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

”തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മറ്റൊരു യാത്രക്കാരന്‍ ഉറങ്ങുന്നതിനാലാണ് മുന്‍ നിരയിലെ സീറ്റിലേക്ക് മാറിയിരുന്നത്. അതിനു വേണ്ടി പണം നല്‍കാന്‍ തയാറാണെന്നും ജീവനക്കാരെ അറിയിച്ചിരുന്നു. എക്ണോമിക് ക്ലാസിലെ നിരയില്‍ തന്നെയാണ് തങ്ങള്‍ ഇരുന്നത്. എന്നാല്‍ അത് ‘എക്ണോമി പ്ലസ്’ സീറ്റുകളാണെന്ന് പറഞ്ഞ് ജീവനക്കാര്‍ ഇറക്കി വിടുകയായിരുന്നുവെന്ന്” ഹോല്‍ പറഞ്ഞു. എന്നാല്‍ എക്ണോമി ക്ലാസില്‍ തന്നെ കുറച്ചു നിരകള്‍ സൗകര്യങ്ങള്‍ ഉയര്‍ത്തി ‘എക്ണോമി പ്ലസ്’ ആക്കിയിട്ടുണ്ട്. ഈ സീറ്റുകളിലിരുന്ന കമിതാക്കളോട് അനുവദിച്ച സീറ്റുകളിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും അവരത് നിരസിച്ചതിനാലാണ് പുറത്താക്കിയതെന്നും ജീവനക്കാര്‍ അറിയിച്ചു.

അതേസമയം, ഇവര്‍ക്ക് അടുത്ത ദിവസത്തില്‍ യുനൈറ്റഡ് വിമാനത്തില്‍ തന്നെ ടിക്കറ്റ് അനുവദിച്ചതായും കുറഞ്ഞ നിരക്കില്‍ താമസിക്കാന്‍ ഹോട്ടല്‍ മുറി അനുവദിച്ചതായും യുനൈഡ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: