രാജ്യംവിട്ട വിജയ് മല്ല്യ ലണ്ടനില്‍ അറസ്റ്റില്‍

ഇന്ത്യന്‍ ബാങ്കുകളുടെ 9,000 കോടി രൂപ തട്ടിയ കേസില്‍ കിംഗ് ഫിഷര്‍ ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാഡ് പൊലീസ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. രാജ്യസഭാംഗമായ മല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തിയാണ് മുങ്ങിയത്. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു.

ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്നുമാണ് റിപ്പോര്‍ട്ട്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്ന് വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടി.

നഷ്ടം താങ്ങാനാവാതെ വന്നതോടെ ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയ്ക്കു ലോണ്‍ നല്കുന്നതിന് കൂട്ടുനിന്ന രാഷ്ട്രീയക്കാരെല്ലാം അദ്ദേഹം കടക്കെണിയിലായപ്പോള്‍ കൈയൊഴിഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന മല്യയെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയ്ക്കു കൈമാറുമെന്നാണ് അറിയുന്നത്. കുറ്റവാളികളെ കൈമാറല്‍ വാറണ്ട് അനുസരിച്ചാണ് ബ്രിട്ടന്‍ ഇയാളെ അറസ്റ്റ് ചെയ്തത്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സി.ബി.ഐ സംഘം ഉടന്‍ ലണ്ടനിലേക്ക് പോകുമെന്നറിയുന്നു.

രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9400 കോടി രൂപയാണ് ഇദ്ദേഹം വായ്പയെടുത്തത്്. വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാനാവില്ലെന്നായിരുന്നു ബ്രിട്ടന്‍ നേരത്തേ പറഞ്ഞിരുന്നത്. വ്യക്തമാക്കിയത്. പിന്നീട് ഇന്റര്‍പോള്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. സാമ്ബത്തിക ക്രമക്കേടിനും നികുതി വെട്ടിപ്പിനും മല്യയ്‌ക്കെതിരേ കേസുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: