അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മല്യയ്ക്ക് ജാമ്യം; ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

വിവാദ വ്യവസായി വിജയ് മല്യയ്ക്ക് അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ജാമ്യം. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്‌കോട് ലാന്‍ഡ് യാര്‍ഡ് ആണ് മല്യയെ പിടികൂടിയത്. ഇന്ത്യക്ക് മല്യയെ കൈമാറാന്‍ ബ്രിട്ടന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്‍മെന്റിന് തിരിയെ ഏല്‍പിച്ചുകൊടുക്കലായ എക്‌സ്ട്രാഡിഷന്‍ നടപടി ബ്രിട്ടനിലെ നിയമനടപടികള്‍ക്ക് ശേഷം മാത്രമേ ആരംഭിക്കുവെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് മല്യക്കെതിരെ ഡല്‍ഹി കോടതിയടക്കം രാജ്യത്തെ വിവിധ കോടതികളും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ കോടതി യുബി ഗ്രൂപ്പ് ചെയര്‍മാനായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. 9000 കോടിയുടെ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ് നേരത്തെ കിട്ടിയിരുന്നു. എക്സ്റ്റ്രാഡിഷനുള്ള ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോയതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി ഇംഗ്ലണ്ടിലായിരുന്നു താമസം.

അതേസമയം ബ്രിട്ടനില്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡിന്റെ പിടിയിലായ വിജയ് മല്യ ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അമിത ആവേശം തുടങ്ങിയെന്നും എന്നാല്‍ തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള വാദം കോടതിയില്‍ ഇന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു എന്നുമാണ് മല്ല്യ ട്വിറ്ററില്‍ കുറിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: