മൈന്‍ഡ് ചാരിറ്റി ഷോ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ വച്ച് നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

2008ല്‍ രൂപീകൃതമായ ഈ ബാന്‍ഡ് 8 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സൗത്തിന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ബാന്‍ഡായി മാറിക്കഴിഞ്ഞു. വെസ്‌റ്റേണ്‍ ക്ലാസിക്കല്‍, കര്‍ണാടിക്, ഹിന്ദുസ്ഥാനി, വേള്‍ഡ് മ്യൂസിക് എന്നിവ ചേര്‍ത്ത് മനോഹരമായി കോര്‍ത്തിണക്കുന്ന സംഗീത മാസ്മരികതയാണ് ആസ്വാദക ഹൃദയങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. സ്റ്റീഫന്‍ ദേവസിയടക്കം പതിനൊന്ന് ടീമംഗങ്ങളാണ് ഡബ്ലിനില്‍ എത്തുക.

മലയാള ടെലിവിഷന്‍ ചാനലുകളിലൂടെ ശ്രദ്ധേയനായ സ്റ്റീഫന്‍ ദേവസ്സി ഇന്ന് യുവ ഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച പ്രശസ്ത കീബോര്‍ഡിസ്റ്റാണ്. ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്‌സില്‍ പിയാനോ 8 ആം ഗ്രേഡ് ഏഷ്യയിലെ തന്നെ റെക്കോര്‍ഡ് മാര്‍ക്കോടെയാണ് സ്റ്റീഫന്‍ പാസായത്. 18ാം വയസില്‍ ഗായകന്‍ ഹരിഹരന്റെ ട്രൂപ്പില്‍ അംഗമായി. തുടര്‍ന്ന് എല്‍. സുബ്രഹ്മണ്യം, ശിവമണി, സാക്കിര്‍ ഹുസൈന്‍, അംജദ് അലിഖാന്‍, എ.ആര്‍. റഹ്മാന്‍, യു ശ്രീനിവാസ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

19ാം വയസ്സില്‍ ഗായകന്‍ ഫ്രാങ്കോ, ഗിറ്റാറിസ്റ്റ് സംഗീത് എന്നിവരുമൊത്ത് സെവന്‍ എന്ന മ്യൂസിക് ബാന്‍ഡിനു രൂപം നല്‍കി. ഗോസ്‌പെല്‍ റോക്ക് ബാന്‍ഡിന്റെ റെക്‌സിലെ കീബോര്‍ഡിസ്റ്റാണ് ഇദ്ദേഹം. ടൊറൊന്റോയില്‍ വച്ചു ലോക യുവ ദിനത്തിനോടനുബന്ധിച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത് റെക്‌സ് ബാന്‍ഡ് നൊപ്പം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മുന്‍പില്‍ സംഗീതം അവതരിപ്പിച്ചു. ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു മാത്രമാണ് ഇദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചത്. മറ്റു നിരവധി ചിത്രങ്ങളുടെ മ്യൂസിക് അറേഞ്ചര്‍ ആയി സ്റ്റീഫന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റൊമാന്‍സാ, സേക്രഡ് ചാന്റ്‌സ് തുടങ്ങി ചില സംഗീത ആല്‍ബങ്ങളും സ്റ്റീഫന്‍ തയ്യാറാക്കിയിട്ടുണ്ട്. യമഹ ഇന്‍സ്ട്രുമെന്റ് കമ്പനി സ്റ്റീഫന്‍ ദേവസ്സിയെ ഔദ്യോഗിക കീബോര്‍ഡിസ്റ്റായി അംഗീകരിച്ചുള്ള പദവിയും നല്‍കിയിട്ടുണ്ട്.

സോളിഡ് ബാന്‍ഡിന്റെ മറ്റ് അംഗങ്ങളെ വിശദമായി പരിചയപ്പെടാം
ഫ്രാന്‍സിസ് സേവ്യര്‍ വേദിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കൊച്ചിയില്‍ നിന്നുള്ള വയലിനിസ്റ്റാണ് ഫ്രാന്‍സിസ് സേവ്യര്‍. കേരളാ യൂണിവേഴ്‌സിറ്റില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുള്ള ഫ്രാന്‍സിസ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് ഓര്‍ക്കസ്ട്രയിലെ സോളോയിസ്റ്റുമാണ്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ഡയറക്ടര്‍മാര്‍്‌ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവും ഉണ്ട്.

ഷോമി ഡേവിസ് ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്‌സില്‍ പിയാനോ 8 ആം ഗ്രേഡ് ഉയര്‍ന്ന മാര്‍ക്കോടെ പാസായ ഷോമി സൗത്തിന്ത്യയിലെ പ്രമുഖ പര്‍കഷനിസ്റ്റാണ്. എല്ലാ സംഗീത ഉപകരണങ്ങളും വായിക്കുന്ന ഈ കലാകാരന് ലാറ്റിന്‍, വേള്‍ഡ് ഫ്യൂഷന്‍സും മനോഹരമായി വായിക്കും.

ജോസി ജോണ്‍ ഒരു ബാസ് ഗിറ്റാറിസ്റ്റ് എന്ന നിലയില്‍ ഏറെ പേരെടുത്ത ജോസി തമിഴ്, മലയാളം, തെലുഗു, കന്നട സംഗീത പിന്നണി രംഗത്ത് സജീവമാണ്. വേദികളില്‍ മ്യൂസിക് തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ജോസി ഇന്ത്യയിലെ തന്നെ പ്രശസ്ത ബാസിസ്റ്റുകളില്‍ ഒരാളാണ്.

അഖില്‍ ബാബു സംഗീതത്തോടുള്ള താല്‍പര്യവും കഴിവും കൊണ്ട് 15ാം വയസില്‍ തന്നെ ഡ്രം വായിച്ചു തുടങ്ങിയ പ്രതിഭയാണ് അഖില്‍. ജിമ്മി ജോണിന്റെ കീഴിലെ പരിശീലനത്തിനു ശേഷം ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്‌കൂള്‍ ഓഫ് ഓഡിയോ ടെക്‌നോളജിയില്‍ പഠിച്ച അഖില്‍ എ ആര്‍ റഹ്മാനൊപ്പം ജയ്‌ഹോ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ഡ്രം വായിച്ചിട്ടുണ്ട്. 2004ല്‍ റേഡിയോ മാഗോ ഡെസിബല്‍ 2ന്റെ ബെസ്റ്റ് ഡ്രമ്മര്‍ അവാര്‍ഡും അഖിലിനെ തേടിയെത്തി.

ഡെര്‍വിന്‍ ഡി സൂസ അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത രംഗത്തേക്ക് കടന്നുവന്ന ഡെര്‍വിന്‍ ഇന്ന് ഇന്ത്യയിലെ പ്രമുഖ ഗിറ്റാറിസ്റ്റ് ആയി മാറിക്കഴിഞ്ഞു. ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്‌കൂള്‍ ഓഫ് ഓഡിയോ ടെക്‌നോളജിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഡെര്‍വിന്‍ ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, നരേഷ് അയ്യര്‍, ഹരിചരണ്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്യാം പ്രസാദ് ആസ്വാദകരുടെ മനസു കീഴടക്കുന്ന ശ്യാം പ്രസാദ് എന്ന വോക്കലിസ്റ്റ് അത്ഭുത പ്രതിഭാസങ്ങളാണ് വേദിയില്‍ കാഴ്ച വയ്ക്കുക. മികച്ച പരിശീലനം നേടിയ ശ്യാമിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നാണ് സംഗീത രംഗത്തെ വിലയിരുത്തല്‍.

രമ്യാ വിനയകുമാര്‍ സോളിഡ് ബാന്‍ഡിലെ ഏക പെണ്‍തരിയായ രമ്യയാണ് ശ്യാം പ്രസാദിനൊപ്പം വോക്കലിസ്റ്റ് ആയി എത്തുന്നത്. സ്‌റ്റേജുകളില്‍ തീ പാറുന്ന പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്ന ഈ പെണ്‍കുട്ടി മലയാളി മനസുകളെ കീഴടക്കുമെന്ന് ഉറപ്പാണ്.

സാമുവേല്‍ ദേവസി ഓഡിയോ പ്രൊഡക്ഷന്‍, ഇവന്റ് മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സോളിഡ് ബാന്‍ഡ് മാനേജരും സൗണ്ട് എഞ്ചിനീയറുമാണ് സാമുവേല്‍ ദേവസി. സ്റ്റീഫന്‍ ദേവിസിയുടെ സഹോദരന്‍ കൂടിയായ സാമുവേല്‍ വയലിനിസ്റ്റ് കൂടിയാണ്. എന്നാല്‍ പിന്നീട് സിംഗപ്പൂരില്‍ ഓഡിയോ എഞ്ചിനീയര്‍ രംഗത്തേക്ക് ചുവടു മാറ്റുകയായിരുന്നു. ഈ ജോലി ഉപേക്ഷിച്ച് സഹോദരനൊപ്പം ചേര്‍ന്ന സാമുവേല്‍ ഇപ്പോള്‍ ചെന്നൈയില്‍ മ്യൂസിക് ലോഞ്ച് സ്റ്റുഡിയോയും ആരംഭിച്ചു. തുടര്‍ന്ന് നിരവധി മ്യൂസിക് ഷോകള്‍ക്കും നടത്തുകയും വിജയിക്കുകയും ചെയ്തതോടെ 2011ല്‍ ഇ ലോഞ്ച് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആരംഭിക്കുകയായിരുന്നു. കഠിനാധ്വാനിയായ ഈ ചെറുപ്പക്കാരന്‍ തന്റെ വിജയങ്ങള്‍ക്കു പിന്നില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉറച്ചു വിശ്വാസിക്കുന്നു.

സജാദ് കെ സെയ്താലി ഗായകരും സംഗീത ഉപകരണങ്ങളും എല്ലാം അടിപൊളിയായാലും ഷോ മികച്ചതാക്കാന്‍ കഴിവുറ്റ ഒരു പ്രതിഭ കൂടി വേണം. സജാദ് കെ സെയ്താലി എന്ന സൗണ്ട് എഞ്ചിനീയറാണ് സോളിഡ് ബാന്‍ഡിന്റെ ഷോകളുടെ മുഴുവന്‍ ആവേശവും ആസ്വാദക ഹൃദയങ്ങളില്‍ എത്തിക്കുന്നത്.

വര്‍ഗീസ് ഷാജി തോമസ് കണ്ണാടിക്കല്‍ സോളിഡ് ബാന്‍ഡിന്റെ ടെക്‌നിക്കല്‍ ലീഡായി വര്‍ഗീസും യുകെയിലെത്തും. ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലുമായി സംഘടിപ്പിച്ച സ്റ്റേജ് ഷോകളിലെ മികച്ച വിജയത്തിനു പിന്നില്‍ വര്‍ഗീസിന്റെ അധ്വാനവും ഉണ്ട്.

കോണ്‍ഫിഡന്റ് ട്രാവെല്‍സ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. വിശ്വാസ് ഫുഡ്‌സ്, സ്‌പൈസ് ബസാര്‍, വിസ്ത കരിയര്‍ സൊല്യൂഷന്‍സ് എന്നിവര്‍ സഹ സ്‌പോണ്‍സര്‍മാരുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് പൗളി 0872644351, മജു പേക്കല്‍ 0879631102, സിജു ജോസ് 0877778744.

Share this news

Leave a Reply

%d bloggers like this: