82ാം വയസില്‍ 12ാം ക്ലാസ് പാസായി ഹരിയാന മുന്‍ മുഖ്യമന്ത്രി; പരീക്ഷ എഴുതിയത് ജയിലില്‍ വെച്ച്

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല 82ാം വയസില്‍ 12ാം ക്ലാസ് പാസായി. അതും തീഹാര്‍ ജയിലില്‍ വെച്ച്. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫസ്റ്റ് ഡിവിഷനോടെയാണ് (എ ഗ്രേഡ്) ഈ എണ്‍പത്തിരണ്ടുകാരന്‍ കീഴടക്കിയത്.

ചൗട്ടാലയുടെ ഇളയ മകനും എംഎല്‍എയുമായ അഭയ് ചൗട്ടാലയാണ് വിവരം പുറത്തുവിട്ടത്. തീഹാര്‍ ജയിലിലെ സെന്ററിലാണ് ചൗട്ടാല പരീക്ഷ എഴുതിയത്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തന്റെ മുത്തച്ഛനും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവി ലാല്‍ ജയിലിലായ സാഹചര്യത്തില്‍ തന്റെ അച്ഛന് പഠനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നെന്നും അഭയ് ചൗട്ടാല പറഞ്ഞു.

കഴിഞ്ഞ മാസം പേരക്കുട്ടിയും ഹിസാര്‍ എംപിയുമായ ദൃഷ്യന്ത് ചൗട്ടാലയുടെ വിവാഹത്തിനായി ഓം പ്രകാശ് ചൗട്ടാല പരോളിലായിരുന്നെന്നും എന്നാല്‍ ഏപ്രില്‍ 23ലെ പരീക്ഷയ്ക്കായി അദ്ദേഹം ജയിലിലേക്ക് മടങ്ങുകയായിരുന്നെന്നും അഭയ് ചൗട്ടാല കൂട്ടിച്ചേര്‍ത്തു.

ഇനി കോളേജാണ് ഓം പ്രകാശിന്റെ ലക്ഷ്യമെന്നും അഭയ് ചൗട്ടാല പറയുന്നു. അച്ഛന്‍ സ്ഥിരമായി ജയില്‍ ലൈബ്രറിയില്‍ പോകുന്നുണ്ട്. രാഷ്ട്രീയമാണ് അദ്ദേഹത്തിന്റെ ഇഷ്ട വിഷയം. ജയിലില്‍ സമയം കൂടുതല്‍ ഉപയോഗപ്രദമായി ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് അഭയ് വ്യക്തമാക്കി.

2013ലാണ് ചൗട്ടാല അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയും കീഴ്ക്കോടതി വിധി ശരിവെച്ചു. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവായ ഓംപ്രകാശ് ചൗട്ടാല മുഖ്യമന്ത്രിയായിരിക്കെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള വിധി വന്നത്. പത്തു വര്‍ഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ചൗട്ടാലയുടെ മകന്‍ അജയ് സിങും കേസില്‍ ജയിലിലാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: