ഡോണള്‍ഡ് ട്രംപ് ആദ്യ വിദേശപര്യടനത്തിന്; ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യ വിദേശപര്യടനത്തിന്. സൗദി അറേബ്യ സന്ദര്‍ശനത്തോടെയാണ് യു എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശപര്യടനത്തിന് തുടക്കമാകുന്നത്. വിദേശപര്യടനത്തിനായി ട്രംപ് ഇന്ന് യാത്ര തിരിക്കും.

സൗദി അറേബ്യ, ഇസ്രായേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഒമ്പതു ദിവസം നീളുന്ന വിദേശപര്യടനത്തില്‍ ട്രംപ് സന്ദര്‍ശിക്കുന്നത്. നാളെ റിയാദില്‍ ട്രംപിന് സൌദി രാജാവ് ആചാരപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. തീവ്രവാദത്തിനെതിരായ പോരാട്ടം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണവും ട്രംപ് ചര്‍ച്ചയില്‍ ഉന്നയിക്കും.

ജറുസലേമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ്, ബെത്ലഹേമില്‍ വെച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തും. പലസ്തീന്‍ പ്രശ്നമടക്കം ചര്‍ച്ചയാകുമെന്നാണ് സൂചന. പലസ്തീന്റെ സ്വയം നിര്‍ണയാവകാശത്തിന് ട്രംപ് പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനുശേഷം വത്തിക്കാനിലെത്തുന്ന ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അടക്കമുള്ളവയെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ട്രംപ്, പോപ്പ് കൂടിക്കാഴ്ചയെ ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വത്തിക്കാന് പിന്നാലെ ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും, സിസിലിയില്‍ നടക്കുന്ന ജി 7 ഗ്രൂപ്പ് സമ്മേളനത്തിലും ഡൊണള്‍ഡ് ട്രംപ് സംബന്ധിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: