വരേദ്ക്കറിനെ പിന്തുണച്ച് പാസ്‌ക്കല്‍ ഡോനഹോ; മത്സരം മുറുകുന്നു

അയര്‍ലണ്ടിന്റെ നേതൃസ്ഥാനത്തേക്ക് വരാന്‍ ഏറ്റവും സമുന്നതനായ വ്യക്തി വരേദ്കറാണെന്ന് പ്രഖ്യാപിച്ച് ഐറിഷ് പൊതുചിലവ് വകുപ്പ് മന്ത്രി പാസ്‌ക്കല്‍ ഡോനഹോ. അയര്‍ലണ്ട് ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ തന്മയത്തോട് കൂടി കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിശക്തി അദ്ദേഹത്തിനുണ്ട്. തന്റെ തലമുറയിലെ ഏറ്റവും കഴിവുള്ളതും പ്രാധാന്യമറിക്കുന്നതുമായ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്ന് ഡോനഹോ കൂട്ടിച്ചേര്‍ത്തു.

നാളെ മുതല്‍ ഫൈന്‍ ഗെയിലിന്റെ നേതൃസ്ഥാനത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണം ആരംഭിക്കുമെന്ന് വരേദ്കര്‍ ക്യാംപിലുള്ളവര്‍ അറിയിച്ചിട്ടുണ്ട് . സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഡബ്ലിന്‍, കാര്‍ലോ, ബലിനസ്ളോ, കോര്‍ക്ക് എന്നിവിടങ്ങളിലായി നാല് കൂടികാഴ്ചകളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഓണ്‍ലൈന്‍ ചര്‍ച്ചകളും ഉണ്ടാകും. മേയ് 29 തിങ്കളാഴ്ച മുതല്‍ ജൂണ്‍ ഒന്ന് വ്യാഴാഴ്ച വരെ 26 പോളിംഗ് സ്റ്റേഷനുകളിലായി 21,000 പാര്‍ട്ടി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തും. 73 റ്റിഡിമാരും സെനറ്റര്‍മാരും എംപിമാരും അടങ്ങുന്ന പാര്‍ലമെന്ററി പാര്‍ട്ടി ജൂണ്‍ രണ്ടിന് ഡബ്ലിനില്‍ വോട്ട് രേഖപ്പെടുത്തും. ഇലക്ട്രല്‍ കോളേജ് മുഖേനയായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. ജൂണ്‍ രണ്ടിന് ഡബ്ലിനില്‍ വിജയിയെ പ്രഖ്യാപിക്കും.

ഗതാഗതം, ടുറിസം, കായികം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചിട്ടുള്ള വരേദ്കര്‍ ലുവാസ് ക്രോസ് സിറ്റി പ്രോജക്ട്, മെഡിക്കല്‍ കാര്‍ഡുകളിലെ പുരോഗതി, അമ്മമാര്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വയം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങിയ വോട്ട് നേടാനുള്ള അനുകൂല ഘടകങ്ങളാണെന്ന് ഡോനഹോ സൂചിപ്പിച്ചു.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന്റെ ആദ്യ സ്വവര്‍ഗാനുരാഗിയായ ക്യാബിനറ്റ് അംഗത്തെ അനുകൂലിക്കുന്നതായി ജൂനിയര്‍ മിനിസ്റ്റര്‍ പോള്‍ കെഹോ അറിയിച്ചു. തന്റെ സ്വകാര്യ ജീവിതത്തിലും തുറന്ന മനസ്സും സത്യസന്ധതയും പുലര്‍ത്തി ഐറിഷ് രാഷ്ട്രീയത്തില്‍ പുതിയ നിലപാട് സ്വീകരിച്ച ആളാണ് വരേദ്കറെന്ന് കെഹോ കൂട്ടിച്ചേര്‍ത്തു. അയര്‍ലന്റിലും വിദേശത്തും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറികൊണ്ടിരിക്കുന്നതിനാല്‍ നാം അഭിമുഖീകരിക്കുന്ന വെല്ലിവിളികളെ നേരിടാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുവെന്നും പോള്‍ കെഹോ അഭ്യര്‍ത്ഥിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: