കേരളത്തില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം

കേരളത്തില്‍ തലസ്ഥാന ജില്ലയില്‍ വീണ്ടും വാനാക്രൈ ആക്രമണം. തിരുവനന്തപുരം റെയില്‍വെ ഡിവിഷനല്‍ ഓഫീസിലെ നാല് കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് വാനാക്രൈ ആക്രമണമുണ്ടായത്. ഔദ്യോഗിക രേഖകളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും റെയില്‍വെ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വൈറസ് ആക്രമണം ഉണ്ടായതോടെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ ഓഫാക്കി. വൈറസ് ആക്രമണമുണ്ടായ കമ്പ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ വയനാട്, പത്തനംത്തിട്ട തുടങ്ങിയ ജില്ലകളിലെ പഞ്ചായത്ത് ഓഫീസുകളിലും പാലക്കാട് സതേണ്‍ റെയില്‍വേ ഡിവിഷണല്‍ ഓഫീസിലും റാന്‍സംവെയര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ പഞ്ചായത്തുകളിലും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. വാനാക്രൈ സൈബര്‍ ആക്രമണം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

അതിനിടെ വാനാക്രൈയ്ക്ക് പിന്നാലെ കൂടുതല്‍ പ്രഹരശേഷിയുള്ള പ്രോഗ്രാമുകള്‍ പുറത്തുവരുന്നതായി റിപ്പോര്‍ട്ട്. വാനാക്രൈ നിയന്ത്രണവിധേയമായെങ്കിലും അതിനേക്കാള്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍ പ്രോഗ്രാമുകളാണ് പുറത്തുവരുന്നത്. വാനാക്രൈ പ്രോഗ്രാമിന്റെ ജനനത്തിന് കാരണമായ അതേ സുരക്ഷാപിഴവുകള്‍ ഉപയോഗിച്ചാണ് ‘ഇറ്റേണല്‍റോക്സ്’ എന്ന പേരിലുള്ള പുതിയ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്.

യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ന്ന രണ്ട് പിഴവുകളാണ് വാനാക്രൈ ഉപയോഗിക്കുന്നതെങ്കില്‍ ‘ഇറ്റേണല്‍റോക്സ്’ ഉപയോഗിക്കുന്നത് ഏഴോളം പിഴവുകളാണ്. ഇതിനാല്‍ വാനാക്രൈ പ്രോഗ്രാമിനേക്കാള്‍ വേഗത്തിലായിരിക്കും ‘ഇറ്റേണല്‍റോക്സ്’ പടരുകയെന്നാണ് സൂചന. നിലവില്‍ വാനാക്രൈ പോലെ നാശനഷ്ടം സൃഷ്ടിക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: