ഇന്ത്യയില്‍ ഇനി എല്ലാ ദിവസവും ഇന്ധനവില പുതുക്കും

രാജ്യത്തെ ഇന്ധനവില ഇനി ദിവസം തോറും പുതുക്കി നിശ്ചയിക്കാന്‍ എണ്ണക്കമ്പനികളുടെ തീരുമാനം. ഈ മാസം 16 മുതല്‍ തീരുമാനം നടപ്പിലാക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ അനുസരിച്ചാണ് ആഭ്യന്തര വിപണിയിലും പ്രതിദിനം വില നിശ്ചയിക്കുക. പുതുച്ചേരി, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ അഞ്ചു നഗരങ്ങളില്‍ ഇത് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. അത് വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍ ഡീസല്‍ വില പുതുക്കി നിശ്ചയിക്കുന്നതാണ് നിലവിലെ സംവിധാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളാണ് സര്‍ക്കാരിന് മുന്നില്‍ ഈ നിര്‍ദേശം വച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് പെട്രോള്‍ വില നിശ്ചയിക്കുന്നതിനുള്ള അധികാരം യു.പി.എ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണാധികാരം കന്പനികള്‍ക്ക് നല്‍കി. അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് ആഭ്യന്തര വില ക്രമീകരിക്കുമെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ അന്താരാഷട്ര വില ഉയര്‍ന്നപ്പോള്‍ വില ഉയര്‍ത്തുക മാത്രമാണ് കമ്പനികള്‍ ചെയ്തത്. ആഗോള വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ വിസമ്മതിക്കുകയും ചെയ്തു.

രാജ്യത്തെ റീട്ടെയില്‍ എണ്ണ വിപണിയിലെ 95 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്. 53,000ത്തോളം വരുന്ന ഫില്ലിംഗ് സ്റ്റേഷനുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഇപ്പോള്‍ ഓട്ടോമേഷന്‍ സൗകര്യമുണ്ട്. ഈ സാഹചര്യത്തില്‍ ദിനംപ്രതി വില നിശ്ചയിക്കുന്നതിന് തടസമില്ലെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്

 

 
എ എം

Share this news

Leave a Reply

%d bloggers like this: