ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സിറിയന്‍ മാധ്യമങ്ങള്‍. സിറിയയില്‍ വച്ചുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസിന് സ്വാധീനമുള്ള റഖയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. നേരത്തെയും ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ആഴ്ച റഖയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് നല്‍കുന്ന കണക്ക് പ്രകാരം റഖയില്‍ 24 മണിക്കൂറിനിടെ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. യൂറോപ്പില്‍ അങ്ങോളമിങ്ങോളം ആക്രമണം നടത്തുന്ന ഐസിസ് നീക്കങ്ങളും ബാഗ്ദാദിയുടെ വിദ്വേഷ പ്രസംഗങ്ങളും കാരണം ബാഗ്ദാദിയുടെ തലയ്ക്ക് 20 മില്യണ്‍ യൂറോ വിലയിട്ടിരുന്നു. ബാഗ്ദാദിയെ വധിച്ചുവെന്ന വാര്‍ത്ത അസദ് ഭരണകൂടത്തിന്റെ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

നോര്‍ത്തേണ്‍ ഇറാഖിലുണ്ടായ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 2011ല്‍ സിറിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ റഖയായിരുന്നു ഐസിസ് കേന്ദ്രം. അല്‍ഖ്വയ്ദയുടെ അല്‍ നുസ്രയും പ്രദേശത്ത് സാന്നിധ്യമുറപ്പിച്ചിരുന്നു. 2014 ല്‍ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഐസിസ് റഖയുടെ നിയന്ത്രണം പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കുകയും ചെയ്തിരുന്നു. ഐസിസിന്റെ കേന്ദ്രമായ റഖ ലക്ഷ്യം വച്ചാണ് ഐസിസിനെതിരെയുള്ള പല പോരാട്ടങ്ങളും നടന്നിട്ടുള്ളത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്.

 

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: