ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് വ്യോമയാന മന്ത്രാലയം

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തയച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് അനുസൃതമായി സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് വിമനക്കമ്പനികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും, ഇത് പരിഗണിച്ച് ജിഎസ്ടി നടപ്പാക്കുന്നത് രണ്ടുമാസത്തേക്ക് നീട്ടിവെക്കണമെന്നുമാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജിഎസ്ടി നടത്തിപ്പിനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം രണ്ട് മാസത്തെ കാലതാമസം തേടിയിട്ടുള്ളത്.

ജിഎസ്ടി നയം സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ വിമാനക്കമ്പനികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നു വ്യോമയാന മന്ത്രാലയം വിലയിരുത്തുന്നു. ജിഎസ്ടിയുടെ വിവിധ വശങ്ങള്‍ മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. ജിഎസ്ടിക്ക് അനുസൃതമായി അന്താരാഷ്ട്ര ടിക്കറ്റ് വിതരണ സംവിധാനം പരിഷ്‌കരിക്കുന്നതിന് സമയമെടുക്കുമെന്നും എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു.

വ്യോമയാന വ്യവസായത്തില്‍ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില മേഖലകളില്‍ അവ്യക്തത നിലനില്‍ക്കുന്നതായും ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് സംബന്ധിച്ച ആശങ്കയുണ്ടെന്നും എയര്‍ലൈനുകള്‍ ചൂണ്ടിക്കാണിക്കുന്നു. എയര്‍ക്രാഫ്റ്റ് എക്യുപ്മെന്റുകളുടെ ചരക്കുനീക്കം ജിഎസ്ടിക്കു കീഴില്‍ വരുന്നതു സംബന്ധിച്ചും വിമാനക്കമ്പനികള്‍ക്ക് ആശങ്കയുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയില്‍ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈനുകള്‍, എയര്‍പോര്‍ട്ടുകള്‍, കാര്‍ഗോ എന്നിവയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: