ഭീകരവാദം പടര്‍ത്തുന്ന വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്യുന്നു

ഭീകരവാദം ഇന്ന് ഓണ്‍ലൈന്‍ ലോകത്തെയും അല്ലാത്തവയെയും ഒരുപോലെ വെല്ലുവിളിച്ചു കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകള്‍ ഇതിനായി ഉപയോഗിക്കേണ്ടെന്ന ശക്തമായ സന്ദേശം നല്‍കി ഗൂഗിള്‍. ലണ്ടനില്‍ ആക്രമണം നടത്തിയ വ്യക്തി തീവ്രവാദത്തിലേക്ക് കൂടിച്ചേരാന്‍ യൂട്യൂബിലെ തീവ്രപ്രഭാഷണങ്ങള്‍ കേട്ടാണെന്ന പോലീസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗൂഗിള്‍ യൂട്യൂബിനെ ടെറര്‍ ഫ്രീ ആക്കാനുള്ള നാലിന പരിപാടികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ എന്‍ജിനീയറിംഗ് സങ്കേതങ്ങള്‍ക്കൊപ്പം തീവ്രവാദം, വിദ്വേഷപ്രസംഗം എന്നിവയില്‍ അറിവുള്ള ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 50 ഓളം എന്‍ജിഒകളുടെ സഹായവും ഗൂഗിള്‍ സ്വീകരിക്കുന്നുണ്ട്. യൂട്യൂബില്‍നിന്ന് പൂര്‍ണമായും ഭീകരവാദത്തെ അനുകൂലിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. തീവ്രമായ നിലപാടുകളും വിദ്വേഷവുമുള്ള മതപ്രഭാഷണ വീഡിയോകളുടെ വ്യാപ്തി യൂട്യൂബില്‍ ഇല്ലാതാക്കും.

ഇത്തരം വീഡിയോകളില്‍നിന്ന് പരസ്യങ്ങള്‍ ഒഴിവാക്കുകയും ആളുകള്‍ക്ക് കമന്റ് ചെയ്യാന്‍ പറ്റാതാക്കുകയും ചെയ്യും. ഇത്തരം വീഡിയോകള്‍ സേര്‍ച്ചില്‍നിന്നും ഒഴിവാക്കപ്പെടും. യൂട്യൂബ് ഗൈഡ്ലൈന്‍സ് ലംഘിക്കാത്ത തീവ്രനിലപാടുകളുള്ള മതപ്രഭാഷണങ്ങള്‍ക്കാണ് ഈ നടപടികളെങ്കില്‍ ഗൈഡ്ലൈന്‍സ് ലംഘിക്കുന്ന പ്രസംഗ വീഡിയോകള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യും. ഐഎസ് പോലുള്ള ഭീകരവാദ സംഘടനകള്‍ റിക്രൂട്ടിംഗിനും മറ്റും യൂട്യൂബ് വീഡിയോകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് ഇല്ലാതാക്കാന്‍ പ്രോഗ്രാം കോഡിംഗില്‍ തന്നെ യൂട്യൂബ് മാറ്റം വരുത്തുന്നുണ്ട്.

തീവ്രവാദ ബന്ധമുള്ള ആളുകളിലേക്ക് ഭീകരവാദ കണ്ടന്റുകള്‍ പരസ്യങ്ങള്‍ വഴി എത്തിക്കുന്ന നടപടികള്‍ സംഘടനകള്‍ സ്വീകരിച്ചിരുന്നു. ഇതിനും പുതിയ ഗൂഗിള്‍ പോളിസികള്‍ നിലവില്‍ വരുന്നതോടെ അവസാനമാകും. എന്‍.ജി.ഒ. കളിലെ വിദഗ്ധര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരവിരുദ്ധ സംഘടനകളെയും ഗൂഗിള്‍ സഹായത്തിനായി കൂടെക്കൂട്ടും. ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും ആളുകളെ ക്ഷണിക്കുന്നതുമായിട്ടുള്ള വീഡിയോകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് സഹായം സ്വീകരിക്കുന്നത്.

ഓരോ മിനിറ്റിലും 400 മണിക്കൂര്‍ ദൈര്‍ഘ്യത്തിന് തുല്യമായ വീഡിയോകളാണ് യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യപ്പെടുന്നത് എന്നതിനാല്‍ ഇവ തരംതിരിച്ച് കണ്ടെത്തുക എളുപ്പമല്ല. കുഴപ്പക്കാരുടെ വീഡിയോ എന്ന് കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് റിവ്യുവിനായി ഫല്‍ഗ് ചെയ്യാം. ഇത്തരം വീഡിയോകള്‍ യൂട്യൂബ് പരിശോധിച്ച് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് നീക്കം ചെയ്യുക എന്നതായിരുന്നു നിലവിലുള്ള രീതി. ഇത് മാറ്റിയാണ് സാങ്കേതികവിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായം ഒരേസമയം യൂട്യൂബ് സ്വീകരിക്കുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: