രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം നടക്കുന്നത്. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടങ്ങിയ ഇലക്ട്രല്‍ കോളെജാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടിംഗ് സമയം. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദിന് 62 ശതമാനത്തോളം വോട്ട് ഉറപ്പായിട്ടുണ്ട്. മീരാകുമാറിന് ആകെ വോട്ടുമൂല്യത്തിന്റെ 37.9 ശതമാനം വോട്ടുലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ലമെന്റില്‍ നിന്ന് 726 അംഗങ്ങളും നിയമസഭകളില്‍ നിന്നായി 4120 അംഗങ്ങളുമാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയ്യാറാക്കിയ പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ദില്ലിയില്‍ 62 ആം നമ്പര്‍ മുറിയിലാണ് എംപിമാര്‍ക്കുള്ള പോളിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുള്ളത്. ദില്ലിയില്ലാത്ത എംപിമാര്‍ക്ക് രാജ്യത്തെ ഏതെങ്കിലും നിയമസഭകളില്‍ വോട്ട് ചെയ്യാം. 41 ലോക്സഭാംഗങ്ങളും 11 രാജ്യസഭാംഗങ്ങളും ദില്ലിക്ക് പുറത്താണ് വോട്ട് രേഖപ്പെടുത്തുന്നത്. കേരളത്തില്‍ നിന്നുള്ള 29 എംപിമാരും ദില്ലിയില്‍ തന്നെ വോട്ട് രേഖപ്പെടുത്തും.

കേരളത്തില്‍ 139 എംഎല്‍എമാര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ചതിനാലാണ് ഒരു അംഗത്തിന്റെ കുറവ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഒരു ജനപ്രതിനിധിയുടെ വോട്ട് മൂല്യം 152 ആണ്. കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ഒരു വോട്ട് മാത്രമാണ് ഉറപ്പുള്ളത്. ബിജെപി അംഗം ഒ രാജഗോപാലിന്റേതാണത്. ബാക്കി 138 അംഗങ്ങളുടെ വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ചെന്നൈയിലുള്ള കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള തമിഴ്നാട് നിയമസഭയിലാകും വോട്ട് രേഖപ്പെടുത്തുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: