ലാവലിന്‍ കേസ് : നാള്‍വഴികള്‍

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ (1996-98) നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. 374 കോടി രൂപക്ക് ആനുപാതികമായ നേട്ടമുണ്ടായില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നുമായിരുന്നു സിഎജിയുടെ (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്.

കേസിന്റെ നാള്‍വഴികളിലൂടെ:

1994 മാര്‍ച്ച് 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

1995 ആഗസ്ത് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക് എസ്എന്‍സി ലാവ്ലിനും കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ് ധാരണാപത്രം ഒപ്പുവെയ്ക്കുന്നു. സി.വി. പദ്മരാജനായിരുന്നു വൈദ്യുതിമന്ത്രി.

1996 ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന് എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട് കരാര്‍ ഒപ്പിടുന്നു. അന്ന് എ.കെ.ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി.

1996 മെയ് 20: ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരത്തിലേറുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി.

1996 സപ്തംബര്‍ 16: വൈദ്യുത മേഖലയിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ സമിതിയെ നിയമിച്ചു.

1996 ഒക്ടോബര്‍ 23: പിണറായി വിജയന്‍ കാനഡ സന്ദര്‍ശിക്കുന്നു.

1997 ഫിബ്രവരി 2: ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. പള്ളിവാസല്‍, ചെങ്കുളം വൈദ്യുത പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഭെല്ലി’നെ പരിഗണിക്കാമെന്നും നിര്‍ദ്ദേശം.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവ്ലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവെയ്ക്കുന്നു. പദ്ധതി നവീകരണത്തിന് ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവ്ലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11: മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നു.

1998 ഏപ്രില്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന് സാമ്പത്തികസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് കനേഡിയന്‍ സര്‍ക്കാരിന് കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

1998 ജൂലായ് 6: കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്പാകരാര്‍ ഒപ്പുവെയ്ക്കുന്നു.

2001: എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്. എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടുകൊടുത്തതനുസരിച്ച് ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

2005 ജൂലായ് 9: ലാവ്ലിന്‍ ഇടപാട്: 374 കോടി പാഴായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്.

2005 ജൂലായ് 22: ലാവ്ലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍.

2006 ഫിബ്രവരി 28: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. പ്രഥമ വിവര റിപ്പോര്‍ട്ട് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച് 1: ലാവ്ലിന്‍ അഴിമതി കേസ് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നു.

2006 ജൂണ്‍ 1: സി.ബി.ഐ. കൊച്ചി യൂണിറ്റ് പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ് 19: ‘ക്രൈം’ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിക്ക് ലാവലിന്‍ കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം.

2006 നവംബര്‍ 16:ലാവ്ലിന്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവംബര്‍ 22: സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

2007 ജനവരി 16: ലാവ്ലിന്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവ്ലിന്‍ കേസ് സി.ബി.ഐ. ചെന്നൈ യൂണിറ്റ് അന്വേഷിക്കണമെന്ന് സി.ബി.ഐ. ഡയറക്ടര്‍ ഉത്തരവിടുന്നു.

2007 ഫിബ്രവരി 13: സി.ബി.ഐ. ചെന്നൈ യൂണിറ്റ് പ്രഥമ വിവര റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 22: ലാവ്ലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് സി.ബി.ഐ.

2008 മെയ് 18: പിണറായി വിജയനില്‍നിന്ന് സി.ബി.ഐ. തെളിവെടുത്തു.

2009 ജനവരി 22: ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട് സി.ബി.ഐ. ചീഫ് സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.

2009 ജനവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിണറായിയെ ഒമ്പതാം പ്രതിയാക്കി കുറ്റപത്രം.

2009 ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതിക്കായി ഹൈക്കോടതി സര്‍ക്കാരിന് മൂന്നുമാസം സമയം നല്‍കി.

2009 ഫിബ്രവരി 14: പിണറായി വിജയന് പി.ബി.യുടെ പിന്തുണ. കേസ് രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തല്‍.

2009 ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്ന് മുഖ്യമന്ത്രി.

2009 മാര്‍ച്ച് 28: പ്രോസിക്യൂഷന്‍ സംബന്ധിച്ച് മന്ത്രിസഭ ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്.

2009 മെയ് 2: പിണറായിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് എ.ജി.യുടെ നിയമോപദേശം.

2009 മെയ് 3: എ.ജി.യുടെ ഉപദേശം അംഗീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

2009 മെയ് 6: പ്രോസിക്യൂഷന്‍ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കി.
ഡികെ

Share this news

Leave a Reply

%d bloggers like this: