മന്ത്രി കെകെ ശൈലജയ്‌ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേടില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തി വസ്തുതകള്‍ പരിശോധിച്ചശേഷമാകും ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ലോകായുക്ത നിരീക്ഷിച്ചു. സെപ്റ്റംബര്‍ 13നകം ഇത് സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു. ഇത് പരിശോധിച്ചശേഷമാകും കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

വയനാട് ബാലാവകാശ കമ്മിഷന്‍ അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലെ പ്രതികൂല പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ചിലും ശൈലജയ്ക്കും സര്‍ക്കാരിനും വിമര്‍ശമമേല്‍ക്കേണ്ടിവന്നിരുന്നു.

വയനാട് ബാലാവകാശ കമ്മീഷന്‍ അംഗം ടിബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി സദുദ്ദേശത്തോടെയല്ലാതെ ഇടപ്പെട്ടെന്നായിരുന്നു കോടതി നിരീക്ഷണം. സുരേഷിന്റെയും കാസര്‍ഗോഡ് ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവിയുടെയും നിയമനം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ബാലാവകാശ കമ്മീഷനില്‍ സര്‍ക്കാരിന് താല്‍പര്യമുള്ളവരെ നിയമിക്കാന്‍ വിജ്ഞാപനത്തിന്റെ തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും നിയമനം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സാണ് കോടതിയെ സമീപിച്ചത്. നവംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍ 2017 ജനുവരി 10ന് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹര്‍ജിയില്‍ പറയുന്നു. 2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാന്‍ തീയതി നീട്ടിനല്‍കിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: