യുകെ യില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഋഷി രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സിറിയക് ജോസഫിന്റെ സംസ്‌കാര ശുശ്രൂഷ അടുത്ത തിങ്കളാഴ്ച

 

കഴിഞ്ഞമാസം 26ന് ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ചിങ്ങവനം സ്വദേശി ഋഷി രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് നാലുമണിക്ക് ശേഷം നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹം രാത്രി ഒമ്പതു മണിയോടെ വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

വിപ്രോയിലെ എന്‍ജീനീയറായ ഋഷി രാജീവ് ലണ്ടനിലെത്തിയിട്ടു ഒരു വര്‍ഷം പോലും ആയിരുന്നില്ല. എട്ടു മാസം മുമ്പാണ് ഋഷി രാജീവ് വര്‍ക്ക് വിസയില്‍ ലണ്ടനിലെത്തുന്നത്. മൂന്നു ദിവസം അവധിയായതിനാലാണ് വിപ്രോയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യൂറോപ്പിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര പോയത്.

വാഹനാപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചിരുന്ന നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന പാലാ സ്വദേശി സിറിയക് ജോസഫിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നത് ഇന്നാണ്. അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ചേര്‍പ്പുങ്കല്‍ തുരുത്തിക്കുഴി തറവാട്ടുവീട്ടില്‍ എത്തിക്കും.

വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും. ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും.

യുകെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ABC ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്നും പ്രവാസി മലയാളികള്‍ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് മറ്റു പതിനൊന്ന് പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ ഋഷി രാജീവാണ്. ഋഷി ജോലിചെയ്തിരുന്ന ബെംഗളൂരുവിലെ വിപ്രോ കമ്പനിയിലെ ജീവനക്കാരും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷത്തോളമായി ലണ്ടനില്‍ താമസിക്കുകയാണ് സിറിയക്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: