ഫാദര്‍ ടോം ഉഴുന്നാലില്‍ റോമില്‍ എത്തി; ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് തിരിക്കും

 

ഇന്നലെ യെമനിലെ ഐഎസ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട മലയാളി വൈദികനായ ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലെത്തി. റോമില്‍ അദ്ദേഹം അംഗമായ സലേഷ്യന്‍ സന്യാസ സഭ ആസ്ഥാനത്താണ് ഇപ്പോള്‍ ഫാദര്‍ ടോം ഉഴുന്നാലിലുള്ളത്. തുടര്‍ന്ന് മാര്‍പാപ്പയെയും അദ്ദേഹം കാണുമെന്നാണ് വിവരം. ഇതേതുടര്‍ന്ന്ചികിത്സയും തേടിയശേഷമാകും ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് തിരിക്കുകയെന്ന് സലേഷ്യന്‍ സഭ നേതൃത്വം അറിയിച്ചു.

ഇന്നലെ രാവിലെയാണ് യെമനിലിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ഫാദര്‍ ടോം, ഒമാന്‍ തലസ്ഥനമായ മസ്‌കറ്റിലെത്തിയത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് മലയാളി വൈദികന്റെ മോചനം സാധ്യമായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു.

സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാദര്‍ ടോം, യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

തുടര്‍ന്ന് കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു. ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചിരുന്നു. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: