മലയാളികളടക്കമുള്ള വിദേശിയര്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ ശക്തമായ നിയമ നടപടികള്‍ക്ക് തുടക്കം…

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന് സിവില്‍ സര്‍വീസ് മന്ത്രാലയം തുടക്കമിട്ടതായി ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍മുലഫി അറിയിച്ചു. ഗവണ്‍മെന്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം പടിപടിയായി സൗദികളെ നിയമിക്കുന്നതിനാണ് പദ്ധതി. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒഴിവുള്ള തസ്തികകള്‍, നിയമനം, ഏജന്‍സികള്‍ എന്നീ കാര്യങ്ങളെല്ലാം സൂക്ഷ്മമായി പഠിക്കുകയും ചെയ്യും. മുഴുവന്‍ സര്‍ക്കാര്‍ ജോലികളിലും സൗദിക്കാരെ തന്നെ നിയമിക്കുക എന്നതാണ് പുതിയ നയം. തൊഴില്‍ മന്ത്രാലയവും ജവാസാത്ത് ഡയറക്ട്രറ്റുമായും ഏകോപനം നടത്തിയാകും വിദേശികളായ ജീവനക്കാരെ നിരീക്ഷിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലാണ് വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്നതെന്ന് സൗദി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇനി മുതല്‍ വിദേശികളെ ഈ തസ്തികകളില്‍ നിയമിക്കില്ല. പകരം ഘട്ടമായി സ്വദേശികളെ നിയമിക്കുകയും ചെയ്യും.

2020 ഓടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 28,000 വിദേശികള്‍ക്കു പകരം സൗദികളെ നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.സൗദി പൗരന്മാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ പ്രതികൂലമായി ബാധിക്കാത്ത നിലക്ക് സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള വസ്തുനിഷ്ഠമായ പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ മന്ത്രാലയം രൂപംനല്‍കിയിട്ടുണ്ട്. ഒറ്റയടിക്ക് വിദേശികളെ മുഴുവനായി മാറ്റില്ല. ഘട്ടമായി കുറയ്ക്കാനാണ് പദ്ധതി. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് മുടക്കം തട്ടാതെ ആയിരിക്കും പദ്ധതി നടപ്പാക്കല്‍. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 

സൗദികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി നിരവധി ശില്‍പശാലകള്‍ സിവില്‍ സര്‍വീസ് മന്ത്രാലയം സംഘടിപ്പിച്ചു വരികയാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതലും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസും അടക്കമുള്ള വിവിധ വകുപ്പുകള്‍ പരസ്പര സഹരണത്തോടെ തീവ്രശ്രമം നടത്തുന്നതിലൂടെ സൗദിവല്‍ക്കരണ ശ്രമത്തില്‍ ഉദ്ദിഷ്ട നേട്ടങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് സാധിക്കും. ഗവണ്‍മെന്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ നിരീക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ ആവശ്യം മുതല്‍ വിദേശികള്‍ക്കു പകരം സൗദികളെ നിയമിക്കുന്നതു വരെ വിദേശികളെ സാങ്കേതിക സംവിധാനം വഴി നിരീക്ഷിക്കുന്നതിനാണ് പദ്ധതി. ഇത് നടപ്പാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവുമായും ജവാസാത്ത് ഡയറക്ടറേറ്റുമായും ഏകോപനം നടത്തും.

മുഴുവന്‍ സര്‍ക്കാര്‍ ജോലികളും സൗദികള്‍ക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടില്‍ ഊന്നിയാണ് സൗദിവല്‍ക്കരണ പദ്ധതി നടപ്പാക്കുക. യോഗ്യരായ സൗദികളെ കിട്ടാനില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ വിദേശികളെ നിയമിക്കുന്നത് സിവില്‍ സര്‍വീസ് മന്ത്രാലയം അംഗീകരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പൊതുഖജനാവില്‍ നിന്ന് നേരിട്ട് വേതനം ലഭിക്കുന്ന 75 ലക്ഷത്തോളം വിദേശികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 90 ശതമാനത്തോളവും ഡോക്ടര്‍മാരും, നഴ്‌സുമാരും യൂനിവേഴ്‌സിറ്റി അധ്യാപകരുമാണ്.
രാജ്യത്ത്‌സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ ഒഴിവാക്കുന്നതോടെ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നക്ഷ്ടമാകുമെന്നുറപ്പാണ്.
പക്ഷേ, വിദേശികളില്‍ ബഹുഭൂരിഭാഗവും സാധാരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഈ തൊഴിലുകളാകട്ടെ സൗദിക്കാര്‍ ചെയ്യാന്‍ സാധ്യത കുറവുമാണ്. തൊഴില്‍ വിപണിയില്‍ പുതിയ മേഖല തുറക്കാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല

 

എണ്ണ വിലയില്‍ കുറവ് വന്നതോടെയാണ് സൗദിയുടെ സാമ്പത്തിക രംഗം തളരാന്‍ തുടങ്ങിയത്. പിന്നീട് എണ്ണ ഇതര മേഖലയെ ലക്ഷ്യമിട്ട് സൗദി നീക്കങ്ങള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അന്താരാഷ്ട്ര എണ്ണ വിപണയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തിയതോടെയാണ് ആഗോള എണ്ണ വിലയില്‍ വന്‍ ഇടിവ് തുടങ്ങിയത്. ഇത് സൗദിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരുന്നു. ഇറാന് ഏറെ കാലം നില നിന്നിരുന്ന അന്താരാഷ്ട്ര ഉപരോധം ആണവ കരാര്‍ സാധ്യമായതിന് ശേഷം നീങ്ങി. ഇതോടെ ഇറാനും എണ്ണ വിപണിയില്‍ സജീവമായി. ഇതും സൗദിയെ സംബന്ധിച്ചിടത്തോളം ക്ഷീണമായിരുന്നു.

 

ഇതിനിടയിലാണ് സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി സൗദി രാജാവിന്റെ അനുകൂലമായ ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരുമാസത്തെ പൊതുമാപ്പ് സൗദി രാജാവ് അനുവദിച്ചിരിക്കുകയാണ്. ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് രാജ്യത്ത് നിയമ വിരുദ്ധമായി നില്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമായി സെപ്റ്റംബര്‍ ഏഴു മുതല്‍ ഒരു മാസകാലാവധിയോടു കൂടി ഇളവ് സൗദി നടപ്പാക്കിയിരിക്കുന്നത്.

 

ഡി കെ

 

 

 

 

 

Share this news

Leave a Reply

%d bloggers like this: